കാഞ്ഞങ്ങാട് ശാന്തമായ അന്തരീക്ഷത്തിലേക്ക്‌

Posted on: 03 Sep 2015ദ്രുതകര്‍മസേന റൂട്ട് മാര്‍ച്ച് നടത്തി


കാഞ്ഞങ്ങാട്: സി.പി.എം.-ബി.ജെ.പി. സംഘര്‍ഷത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടെത്തിയ ദ്രുതകര്‍മസേനക്കാര്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും മാര്‍ച്ച് നടത്തി. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു റൂട്ട് മാര്‍ച്ച്. സംഘര്‍ഷം കണക്കിലെടുത്ത് ഒരാഴ്ചത്തേക്ക് ഹൊസ്ദുര്‍ഗ് അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
സി.പി.എം.പ്രവര്‍ത്തകന്‍ നാരായണന്‍ കൊല്ലപ്പെട്ട കാലിച്ചാനടുക്കത്തും ഒമ്പത് പേര്‍ക്ക് വെട്ടേറ്റ കാഞ്ഞങ്ങാട് കൊളവയലിലും സ്ഥിതി ശാന്തമാണ്. വീടുകളും വാഹനങ്ങളും തകര്‍ത്തതിന്റെ കണക്ക് പത്തുലക്ഷത്തോളമെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, യഥാര്‍ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം ഉണ്ടാകുമെന്ന് അക്രമത്തിനിരയായവര്‍ പറയുന്നു. നാരായണന്റെ കൊലപാതകവുമയി ബന്ധപ്പെട്ട് ഒരു പ്രതിയെയും കൊളവയല്‍ അക്രമത്തില്‍ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുപേരും റിമാന്‍ഡിലാണ്. കൊളവയല്‍ സംഭവത്തില്‍ മാത്രം 50 പേരെ വകുപ്പുകളില്‍ ചേര്‍ത്ത് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശാന്തമായ അന്തരീക്ഷം കൈവന്നാല്‍ പെട്ടെന്നുതന്നെ നിരോധനാജ്ഞ പിന്‍വലിക്കുമെന്ന് കഴിഞ്ഞദിവസം നടന്ന സമാധാനയോഗത്തില്‍ ജില്ലാ പോലീസ് മേധാവി എസ്.ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു.

More Citizen News - Kasargod