സ്‌നേഹസദ്യയൊരുക്കി ബി.ഡി.കെ. കൂട്ടായ്മ

Posted on: 03 Sep 2015നീലേശ്വരം: ദേശീയപണിമുടക്കിനെത്തുടര്‍ന്ന് വിശന്നുവലഞ്ഞവര്‍ക്ക് സ്‌നേഹസദ്യ ഒരുക്കി ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാഘടകം. ഹോട്ടലുകള്‍ അടച്ചിട്ടതിനാല്‍ ഭക്ഷണംലഭിക്കാതെ വിശന്നവര്‍ക്കാണ് ബി.ഡി.കെ. ഭക്ഷണപ്പൊതികള്‍ വിതരണംചെയ്തത്. നീലശ്വരം, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളിലും സമീപത്തെ ആസ്​പത്രികളിലുമായി 150-ഓളം ഭക്ഷണപ്പൊതികളാണ് വിതരണംചെയ്തത്. ഇരുചക്രവാഹനങ്ങളില്‍ എത്തിയാണ് ഭക്ഷണം വിതരണംചെയ്തത്. സത്യസായി സേവാസംഘത്തിന്റെ സഹായവും ഇവര്‍ക്ക് കൂട്ടായി. മുന്നാട് പീപ്പിള്‍സ് കോളേജ് അധ്യാപകന്‍ മുഴക്കോത്തെ സനല്‍ലാല്‍ പ്രസിഡന്റായും കമ്പ്യൂട്ടര്‍ മെക്കാനിക് വിനീഷ് ചീമേനി സെക്രട്ടറിയുമായ ബി.ഡി.കെ.യുടെ പ്രവര്‍ത്തകരായ നീലേശ്വരത്തെ ദിനൂപ്, പുതുക്കൈയിലെ നിമിഷ, കാഞ്ഞങ്ങാട്ടെ മോനിഷ, പയ്യന്നൂരിലെ വിനീത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം വിതരണംചെയ്തത്.
രക്തദാനത്തിനാണ് സംഘടന മുന്‍ഗണന നല്കുന്നതെങ്കിലും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും ഇപ്പോള്‍ ഭക്ഷണം വിതരണംചെയ്തുവരുന്നുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് പണിമുടക്ക് ദിവസവും ഭക്ഷണം വിതരണംചെയ്തത്. ഞായറാഴ്ചകളില്‍ ഭക്ഷണം വിതരണംചെയ്യാന്‍ പലരും സാന്പത്തികസഹായം നല്കാറുണ്ട്.

More Citizen News - Kasargod