പ്രകടനവും ആഘോഷവുമായി പണിമുടക്ക്

Posted on: 03 Sep 2015കാസര്‍കോട്: പണിമുടക്കാനുള്ളവര്‍ക്ക് അങ്ങനെയും, പണിയെടുക്കാനുള്ളവര്‍ക്ക് അങ്ങനെയും, വീട്ടിലും കൂട്ടത്തിലുമിരുന്ന് 'ആഘോഷിക്കാ'നുള്ളവര്‍ക്ക് അതുമാവാം. ഇതായിരുന്നു ദേശീയപണിമുടക്ക് ദിനത്തില്‍ ജില്ലയിലെ അവസ്ഥ.
ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ചില ഓട്ടോറിക്ഷകള്‍ എന്നിവ തടസ്സമേതുമില്ലാതെ ഓടി. അന്യസംസ്ഥാന ലോറികള്‍ പണിമുടക്കിനെക്കുറിച്ച് ഒന്നുമറിയാത്തതുപോലെയാണ് ജില്ലയിലേക്ക് പ്രവേശിച്ചതും മറ്റിടങ്ങളിലേക്ക് പോയതും. വ്യാപകമായി വാഹനങ്ങള്‍ തടയലൊന്നുമുണ്ടായില്ല.
ജില്ലയില്‍ ആകെയുണ്ടായ അക്രമസംഭവം തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ പണിമുടക്കാതെ ജോലിചെയ്ത ക്ലാര്‍ക്കിനെ സമരാനുകൂലികള്‍ ൈകയേറ്റം ചെയ്തതാണ്. മുഹമ്മദ് സമീര്‍ (26)നാണ് പരിക്കേറ്റത്. ഇയാളെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്!ലിം ലീഗ് പോഷകസംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകനാണ്. ഇവിടെ ഫയലുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. സൗകര്യബസ്സുകളോ കെ.എസ്.ആര്‍.ടി.സി.യോ സര്‍വീസ് നടത്തിയില്ല. മിക്ക കടകളും അടഞ്ഞുകിടന്നപ്പോള്‍ ചിലയിടങ്ങളില്‍ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ളവ രാവിലെതന്നെ തുറന്നു. പണിമുടക്കിയ തൊഴിലാളിസംഘടനകള്‍ അതത് ആസ്ഥാനങ്ങളില്‍ പ്രകടനം നടത്തി. സമാധാനപരമായിരുന്നു പ്രകടനങ്ങളെല്ലാം.
തൊഴിലാളിസംഘടനകളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ പണിമുടക്ക് ദിനത്തില്‍ റവന്യൂ വിഭാഗത്തില്‍ 49 ശതമാനമായിരുന്നു ഹാജര്‍നില. ജില്ലയില്‍ 668 ജീവനക്കാരില്‍ 327 പേര്‍ ജോലിക്കെത്തിയപ്പോള്‍ 341 പേര്‍ പണിമുടക്കി. എന്നാല്‍, 900-ന് അടുത്താണ് താലൂക്ക് -വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണമെന്നാണ് സൂചന. എങ്കില്‍ത്തന്നെയും 36 ശതമാനം പേര്‍ ജോലിക്കെത്തി എന്ന് കണക്കാക്കേണ്ടിവരും. ജില്ലാ പഞ്ചായത്തില്‍ 27 ജീവനക്കാരുള്ളതില്‍ അഞ്ചുപേര്‍ പണിമുടക്കി. 14 പേര്‍ യാത്രാ സൗകര്യമില്ലാത്തതിനാല്‍ അവധിക്ക് അപേക്ഷ നല്‍കി. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാലും കരാര്‍ജീവനക്കാരുടെ പണിപോകും എന്ന് ഭീഷണിയുള്ളതിനാലും മിക്ക ജീവനക്കാരും തീവണ്ടിസൗകര്യവും മറ്റും ഉപയോഗപ്പെടുത്തുകയായിരുന്നു.
ചരക്കുമായി സംസ്ഥാന അതിര്‍ത്തി കടന്നെത്തിയ ലോറികള്‍ ഗതാഗത തടസ്സമൊന്നുമില്ലാതെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. പാതയോരത്തെ തട്ടുകടകളും ഉച്ചയോടെ സജീവമായി.
കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തിന് വിവിധ സംഘടനാ നേതാക്കളായ പി.രാഘവന്‍, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., ടി.കെ.രാജന്‍, സി.എച്ച്.കുഞ്ഞമ്പു, അഷ്‌റഫ്, സി.എം.എ.ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്ട് നിരോധനാജ്ഞയുള്ളതിനാല്‍ പൊതുവേ ശാന്തമായ അവസ്ഥയായിരുന്നു. പ്രകടനവും നടന്നില്ല. ബാക്കി എട്ട് കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും നടന്നു.

More Citizen News - Kasargod