രസ്‌നയ്ക്കും രഹിനയ്ക്കും നിറങ്ങള്‍ കാണണം; കുടുംബം സഹായംതേടുന്നു

Posted on: 03 Sep 2015ബോവിക്കാനം: ഇരുട്ടിന്റെലോകത്തുനിന്ന് മോചനംകാക്കുകയാണ് സഹോദരിമാരായ രസ്‌ന(13)യും രഹിന(11)യും. ഇരിയണ്ണി തായത്ത്വളപ്പിലെ ഓട്ടോഡ്രൈവറായ പി.രാജന്റെയും ബി.കെ.രോഹിണിയുടെയും മക്കളാണ് ഇവര്‍. ജന്മനാ അന്ധതയുടെ ലോകത്തേയ്ക്ക് നീങ്ങിയ ഇരുവര്‍ക്കും കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള ആസ്​പത്രികളില്‍ ചികിത്സ നടത്തിയിരുന്നു. അഞ്ചുലക്ഷത്തിലേറെ രൂപ ചെലവഴിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
കടംവാങ്ങിയുംമറ്റുമാണ് നിര്‍ധനകുടുംബം ചികിത്സയ്ക്കായി പണംകണ്ടെത്തിയത്. പണമില്ലാത്തതിനാല്‍ തുടര്‍ച്ചികിത്സ നടത്താന്‍ കഴിയുന്നില്ല. മുളിയാര്‍ പഞ്ചായത്തില്‍നിന്നുള്ള സാമ്പത്തികസഹായത്തോടെ തുടങ്ങിയ വീട് നിര്‍മാണവും പാതിയില്‍ നിലച്ചു. പ്ലാസ്റ്റിക് ഷീറ്റുകള്‍ മേഞ്ഞ ഒറ്റമുറിക്കൂരയിലാണ് കുടുംബം കഴിയുന്നത്. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ഥിനിയാണ് രസ്‌ന. രഹിന വിദ്യാനഗര്‍ അന്ധവിദ്യാലയത്തില്‍ അഞ്ചാംതരത്തിലാണ്. അന്ധവിദ്യാലയത്തില്‍ താമസിച്ചാണ് ഇരുവരും പഠിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് കൊണ്ടുവരുന്ന കുട്ടികളെ തിങ്കളാഴ്ച രാവിലെ അന്ധവിദ്യാലയത്തിലെത്തിക്കുകയാണ്. മെച്ചപ്പെട്ട ചികിത്സ ലഭിച്ചാല്‍ അന്ധതയില്‍നിന്ന് അല്പം മോചനമാകുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ച്ചികിത്സയ്ക്ക് സുമനസ്സുകളുടെ കാരുണ്യംതേടുകയാണ് കുടുംബം. കേരള ഗ്രാമീണ്‍ ബാങ്ക് ബോവിക്കാനം ശാഖയില്‍ രാജന്റെയും രോഹിണിയുടെയും പേരില്‍ സംയുക്ത അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 40473101002519. ഐ.എഫ്.എസ്. കോഡ് KLGB 0040473. ഫോണ്‍: 9995105214.

More Citizen News - Kasargod