നിരോധനാജ്ഞയ്ക്കിടെ പണിമുടക്ക്: കാഞ്ഞങ്ങാട്ട് പ്രകടനവും യോഗവും നടന്നില്ല

Posted on: 03 Sep 2015കാഞ്ഞങ്ങാട്: ബി.ജെ.പി.-സി.പി.എം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കാഞ്ഞങ്ങാട്ട് പണിമുടക്ക് അനുകൂലികള്‍ക്ക് പ്രകടനവും പൊതുയോഗവും നടത്താനായില്ല. പതിവിനു വിപരീതമായി ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയത് നന്നേ കുറവായിരുന്നു.
കടകമ്പോളങ്ങളെല്ലാം അടഞ്ഞും വാഹനങ്ങള്‍ ഒഴിഞ്ഞും പട്ടണം ശൂന്യമായപ്പോള്‍ പണിമുടക്ക് ഹര്‍ത്താല്‍ ആയി മാറി. നിശ്ചലമായ നഗരത്തില്‍ തോക്കേന്തി നില്‍ക്കുന്ന ദ്രുതകര്‍മസേനാംഗങ്ങള്‍ എല്ലാത്തിനും സാക്ഷിയായി. മലയോരഗ്രാമങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്പെട്ട തീവണ്ടി യാത്രക്കാര്‍ വാഹനം കിട്ടാതെ വലഞ്ഞു. പണിമുടക്ക് 24 മണിക്കൂര്‍ ആയതിനാല്‍ സന്ധ്യയോടെ വാഹനങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയും തെറ്റി. ചിലര്‍ പട്ടണത്തിലേക്ക് നടന്നെത്തി ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തു. ഒന്നോ രണ്ടോ തട്ടുകടകളില്‍ നിന്നുള്ള ചായയും ലഘുഭക്ഷണങ്ങളും കൊണ്ടു വിശപ്പടക്കേണ്ടിയും വന്നു.

ദ്രുതകര്‍മസേനയ്ക്ക് ഭക്ഷണമൊരുക്കി
പോലീസ് സ്റ്റേഷന്‍


കാഞ്ഞങ്ങാട്:
നിരോധനാജ്ഞയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും നിലയുറപ്പിച്ച ദ്രുതകര്‍മസേനാംഗങ്ങള്‍ക്ക് പണിമുടക്ക് ദിനത്തില്‍ പട്ടിണി കിടക്കേണ്ടി വന്നില്ല. ഇവര്‍ക്ക് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ പോലീസുകാര്‍ ഭക്ഷണം നല്കി.
കാസര്‍കോട്ടുനിന്നും മലപ്പുറത്തുനിന്നുമായി നൂറിലേറെ ദ്രുതകര്‍മസേനക്കാരാണ് കാഞ്ഞങ്ങാട്ടെത്തിയത്. പണിമുടക്ക് ഹര്‍ത്താലായതോടെ ഒരു ഹോട്ടല്‍ പോലും തുറന്നില്ല. തെക്കന്‍ ജില്ലക്കാരാണ് സേനയിലേറെയും ഉണ്ടായിരുന്നത്. ഇവര്‍ക്കാണെങ്കില്‍ കാഞ്ഞങ്ങാട്ടെ തട്ടുകടയിലെ ചായപോലും ഇഷ്ടമാകുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഹൊസ്ദുര്‍ഗിലെ പോലീസുകാര്‍ ഭക്ഷണമൊരുക്കാന്‍ തയ്യാറായത്. ഉച്ചഭക്ഷണത്തിന് പുറമെ രാവിലെയും വൈകിട്ടും ചായയും കടിയും സേനക്കാര്‍ നില്ക്കുന്നിടത്തേക്ക് വാഹനത്തിലെത്തിച്ച് നല്കുകയും ചെയ്തു.

More Citizen News - Kasargod