ടി.ടി.ഐ. സംസ്ഥാന കലോത്സവത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി

Posted on: 02 Sep 2015കാഞ്ഞങ്ങാട്: ദേശീയ അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അഞ്ചിന് രാവിലെ 10.30ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും. പുരസ്‌കാരജേതക്കളായ അധ്യാപകര്‍ക്കുള്ള അവാര്‍ഡും അബ്ദുറബ്ബ് വിതരണംചെയ്യും. മികച്ച പി.ടി.എ.യ്ക്കുള്ള അവാര്‍ഡ്വിതരണം സാംസ്‌കാരികമന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും. പി.കരുണാകരന്‍ എം.പി., ജില്ലയിലെ എം.എല്‍.എ.മാര്‍, പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി വി.എസ്.സെന്തില്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്.ജയ എന്നിവര്‍ പങ്കെടുക്കും. ഇതിനുമുമ്പ് ഒരുതവണ മാത്രമാണ് കാസര്‍കോട് ജില്ലയില്‍ അധ്യാപകദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. അത് കാല്‍നൂറ്റാണ്ട് മുമ്പായിരുന്നു. ആഘോഷം വിജയകരമാക്കാന്‍ നാടൊരുങ്ങിയെന്ന് കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യയും വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവനും പത്രസമ്മേളനത്തില്‍ അറിയിച്ചു. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ്, വിദ്യാരംഗം കലാസാഹിത്യ പുരസ്‌കാരം എന്നിവയും ചടങ്ങില്‍ വിതരണംചെയ്യും. സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടെ 57 അധ്യാപകര്‍ക്കാണ് പുരസ്‌കാരം നല്കുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും ഉള്‍ക്കൊള്ളുന്നതാണ് പുരസ്‌കാരം. മികച്ച പി.ടി.എ.കള്‍ക്ക് അഞ്ചുലക്ഷം മുതല്‍ ഒരുലക്ഷം വരെയുള്ള കാഷ് അവാര്‍ഡ് വിതരണംചെയ്യും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ.പി.വാസു, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.വി.കൃഷ്ണകുമാര്‍, ദുര്‍ഗാ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എം.കെ.വിനോദ്കുമാര്‍, വി.ശ്രീജിത്ത്, പി.കെ.ചന്ദ്രശേഖരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കാഞ്ഞങ്ങാട്:
അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കെ.എസ്.ടി.എ.യുടെ മുന്നറിയിപ്പ്. കോഴിക്കോട്ട് രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ ബഹിഷ്‌കരണമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം, ചടങ്ങിന്റെ സുഗമമായ നടത്തിപ്പിന് എതിര് നില്കില്ലെന്ന് കെ.എസ്.ടി.എ. ഉറപ്പുനല്കിയിട്ടുണ്ടെന്ന് ഡി.ഡി.ഇ. സി.രാഘവന്‍ വ്യക്തമാക്കി. സ്റ്റേജ്, ലൈറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത് കെ.എസ്.ടി.എ. ആണ്. അതെല്ലാം ഭംഗിയായി നിര്‍വഹിക്കുമെന്ന ഉറപ്പും കിട്ടിയിട്ടുണ്ട് -ഡി.ഡി.ഇ. പറഞ്ഞു

കാഞ്ഞങ്ങാട്:
ദേശീയ അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ടി.ടി.ഐ., പി.പി.ടി.ടി.ഐ. സംസ്ഥാന കലോത്സവവും നടക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കാഞ്ഞങ്ങാട്ടുകാര്‍. ഇതാദ്യമായാണ് ടി.ടി.ഐ. സംസ്ഥാന കലോത്സവം കാഞ്ഞങ്ങാട്ട് നടക്കുന്നത്. നാല്, അഞ്ച് തീയതികളിലായി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം. ഈവര്‍ഷത്തെ കലോത്സവമേളകളുടെ വരവറിയിക്കല്‍ കൂടിയാണ് ഈ സംസ്ഥാനമത്സരമെന്ന് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ സി.രാഘവന്‍ പറഞ്ഞു. ദുര്‍ഗാ സ്‌കൂളിലും പി.സ്മാരക മന്ദിരത്തിലുമായി നാലു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. സംഘഗാനം, ലളിതഗാനം, മോണോ ആക്ട്, പദ്യംചൊല്ലല്‍, മാപ്പിളപ്പാട്ട്, മലയാളപ്രഭാഷണം,പ്രസംഗം എന്നിങ്ങനെ നൃത്തേതര ഇനങ്ങളിലാണ് മത്സരം. 14 ജില്ലകളില്‍നിന്നുള്ള 500-ലേറെ മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. കവിയരങ്ങ്, ലളിതഗാനം, സംഘഗാനം എന്നിവയില്‍ അധ്യാപകര്‍ക്കും പ്രത്യേകമത്സരം നടക്കും.

More Citizen News - Kasargod