കാവലുണ്ട് പരതാളിയമ്മ; എടമുണ്ടവയല്‍ കാര്‍ഷികസമൃദ്ധം

Posted on: 02 Sep 2015പുല്ലൂര്‍: തരിശിടില്ല; കൃഷിയിടങ്ങളില്‍ മോഷണവുമില്ല. എടമുണ്ടയിലെ പാടത്ത് വിളവ്കാക്കാന്‍ പരതാളിയമ്മയുണ്ട്. 50 ഏക്കറോളംവരുന്ന വയലില്‍ കൃഷിചെയ്യുന്നവര്‍ക്ക് പരതാളിക്കാവും പരതാളിയമ്മയും ഒരു വിശ്വാസംമാത്രമല്ല. അവരുടെ കാര്‍ഷികജീവിതത്തോട് ചേര്‍ത്തുവെയ്ക്കുന്ന ആചാരംകൂടിയാണ്.
പണ്ടുകാലങ്ങളില്‍ മൂന്നുവിള കൃഷി എടുത്തിരുന്ന വയലായിരുന്നു എടമുണ്ട പാടശേഖരം. വെള്ളം കുറഞ്ഞതോടെ അത് രണ്ട് വിളയായി ചുരുങ്ങി.
ഇപ്പോഴും കൃഷിക്ക് നേതൃത്വംനല്കുന്നത് പഴയ കര്‍ഷകകാരണവന്മാര്‍ തന്നെയാണ്. കുരുക്കള്‍ നാരായണനും പുലിക്കോടന്‍ നാരായണനും എടമുണ്ടയിലെ ബാലനും കാപ്പി തമ്പായിയും അരീക്കര കൃഷ്ണനുമെല്ലാം അവരില്‍ ചിലര്‍മാത്രം. കൊയ്ത്തിനുമുണ്ട് ഇവിടെ ചില ആചാരങ്ങള്‍.
ഒന്നാംവിള കൊയ്യുമ്പോള്‍ വയലില്‍ വിളയുടെ ഒരു ചെറിയ ഭാഗം നീക്കിവെക്കും. അത് പരതാളിയമ്മയ്ക്കുള്ള നിവേദ്യമാണ്. ആചാരക്കാര്‍ എത്തിയാണ് അത് കൊയ്‌തെടുക്കുന്നത്. പത്താമുദയത്തിന് പരതാളിക്കാവിലേക്ക് നെല്ല് നല്കുന്നത് പതിവാണ്.
തുളുനാട്ടില്‍നിന്ന് നാട്താണ്ടിയെത്തിയ കാട്ടുമൂര്‍ത്തിക്ക് ഗ്രാമദേവനായ കൊടവലത്തപ്പന്‍ ഇരിപ്പിടം നല്കിയെന്നാണ് സങ്കല്പം. കൃഷിയിടത്തിന്റെ കാവല്‍ദേവതയായി ആരാധിക്കുന്നതിനാല്‍ ഇവിടെ ഒരു വിളവിനും കാവല്‍ ഏര്‍പ്പെടുത്താന്‍ കര്‍ഷകര്‍ തയ്യാറല്ല. കൃഷിയിടങ്ങളില്‍ മോഷണം ഇല്ലെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പുതിയ തലമുറയിലെ കര്‍ഷകരും പഴയ ആചാരങ്ങളും വിശ്വാസങ്ങളും ചേര്‍ത്തുപിടിച്ചാണ് ഇവിടെ കൃഷിചെയ്യുന്നത്.

More Citizen News - Kasargod