കവ്വായിയില്‍ സര്‍വീസ് നടത്തുന്നത് സുരക്ഷിതമല്ലാത്ത ബോട്ടുകളെന്ന് നാട്ടുകാര്‍

Posted on: 02 Sep 2015തൃക്കരിപ്പൂര്‍: കവ്വായിക്കായലില്‍ കൊറ്റി-കോട്ടപ്പുറം ജലപാതയില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളില്‍ പലതും സുരക്ഷിതമല്ലെന്ന് പരാതി. ഫോര്‍ട്ട് കൊച്ചി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ട് സര്‍വീസുകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതോടെ ഇപ്പോള്‍ കൊറ്റി-കോട്ടപ്പുറം ജലപാതയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്ക് സുരക്ഷാസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പഴകിയ ബോട്ടുകളാണ് കവ്വായികായലില്‍ സര്‍വീസ് നടത്തുന്നത്. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ കോട്ടയം, എറണാകുളം കായലുകളില്‍ ഓടിച്ച് പഴകിയ ബോട്ടുകളാണ് കവ്വായികായലില്‍ ഓടുന്നത്. പല ബോട്ടുകളും ഇപ്പോള്‍ കട്ടപ്പുറത്താണ്. സ്റ്റീല്‍ ബോട്ട് ഒന്നുമാത്രമാണുള്ളത്. ഇതാകട്ടെ, കനം കൂടിയതായതുകാരണം മണ്‍തിട്ടയില്‍ തട്ടി എന്നും തകരാറിലാണ്. സില്‍ക്കില്‍നിന്ന് ലക്ഷങ്ങള്‍ മുടക്കി ജലഗതാഗതവകുപ്പ് വാങ്ങിയ ബോട്ട് സുരക്ഷിതമല്ല. ആഴംകുറഞ്ഞ ജെട്ടികളില്‍ അടുപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം.
കവ്വായികായലില്‍ കൊറ്റി മുതല്‍ കോട്ടപ്പുറം നമ്പ്യാര്‍കെട്ട് ക്രോസ്ബാര്‍വരെ പുഴ ആറുമീറ്റര്‍ വീതിയില്‍ മണ്ണെടുത്ത് ആഴംകൂട്ടിയിരുന്നു. തുറമുഖവകുപ്പ് മുഖേന ഘട്ടംഘട്ടമായാണ് പ്രവൃത്തി നടത്തിയത്.
അഴീക്കല്‍ തുറമുഖത്തുനിന്ന് ചെറുകപ്പലുകളിലും വഞ്ചികളിലും കയറ്റിറക്ക് നടത്താന്‍ ലക്ഷ്യമിട്ട് സുല്‍ത്താന്‍തോട് മുതല്‍ കൊറ്റിവരെയും പുഴ മണലെടുത്ത് ആഴംകൂട്ടിയിരുന്നു.എന്നാല്‍ ആവശ്യമായ സിഗ്നലുകളും ചാല്‍കുറ്റികളും സ്ഥാപിച്ചിരുന്നില്ല. സുല്‍ത്താന്‍തോട് ആഴം കൂട്ടിയപ്പോള്‍ ബോട്ടുകള്‍ കടന്നുവരാന്‍ തടസ്സമായിരുന്നു. തെങ്ങുകളും ഫലവൃക്ഷങ്ങളും മുറിച്ചുമാറ്റിയില്ല. ഇത് സര്‍വീസിന് തടസ്സമായി. കവ്വായികായലില്‍ നിലവിലുള്ള ജെട്ടികളില്‍ സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ രാത്രി ബോട്ടുകള്‍ അടുപ്പിക്കാന്‍ കഴിയുന്നില്ല.
പഴകിയ ബോട്ടുകള്‍ മാറ്റി പുതിയ ബോട്ടുകള്‍ ഇറക്കിയാല്‍ മാത്രമേ ജലഗതാഗതവകുപ്പിന്റെ സര്‍വീസ് ബോട്ടുകള്‍ കാര്യക്ഷമമാക്കാന്‍ സാധ്യമാവുകയുള്ളൂവെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്.

More Citizen News - Kasargod