പൊട്ടിപ്പൊളിഞ്ഞ് ദേശീയപാത; നടുവൊടിഞ്ഞ് യാത്രക്കാര്‍

Posted on: 02 Sep 2015നീലേശ്വരം: ദേശീയപാതയിലൂടെയുള്ള ദുരിതയാത്ര ജനങ്ങളുടെ നടുവൊടിക്കുന്നു. പൂര്‍ണമായും പൊട്ടിത്തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങള്‍ക്ക് ദുസ്സഹമായി മാറി. ദേശീയപാതയില്‍ പടന്നക്കാട് റെയില്‍വേ മേല്പാലം പരിസരമാണ് ഏറ്റവും ഭീകരം. പാലത്തിന്റെ അപ്രോച്ച് റോഡില്‍ പൊട്ടിത്തകരാത്ത ഒരു ഭാഗവും ഇല്ല. ടോള്‍ ബൂത്തിലെ അഗാധ ഗര്‍ത്തങ്ങളില്‍ വീഴുന്ന വാഹനങ്ങള്‍ കരകയറാന്‍ ഏറെ സമയമെടുക്കുന്നത് ഗതാഗതസ്തംഭനത്തിനും ഇടയാക്കുന്നു.

മേല്പാലം കടന്നുപോകാന്‍ ടോള്‍ വാങ്ങുന്ന അധികൃതര്‍ വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കാനുള്ള സാഹചര്യവും ഒരുക്കാന്‍ മുതിരുന്നില്ല. ടോള്‍ കൊടുക്കാതെ പ്രതിഷേധിക്കാനുള്ള നീക്കങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. റോഡിലെ കുഴികളില്‍വീണുണ്ടാകുന്ന അപകടത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരും പരിക്കേറ്റവരും നിരവധിയാണ്. ദേശീയപാതയില്‍ കാര്‍ഷിക കോളേജിന് സമീപത്തെ വലിയ കുഴിയില്‍വീണ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് ലോറിയില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചിരുന്നു. നേരത്തെ നീലേശ്വരം-കാഞ്ഞങ്ങാട് യാത്രയ്ക്ക് പതിനഞ്ച് മിനിറ്റ് വേണ്ടിയിരുന്നെങ്കില്‍, ഇപ്പോള്‍ അരമണിക്കൂര്‍ വേണം. ദേശീയപാതയില്‍ നെടുങ്കണ്ടയിലും പടന്നക്കാട് മേല്പാലത്തിന്റെ ഇരുഭാഗങ്ങളിലുമാണ് കൂടുതല്‍ ദുരവസ്ഥ.

More Citizen News - Kasargod