11 അത്യാധുനിക ഹൗസ് ബോട്ടുകളുമായി കോട്ടക്കടവ് വിനോദസഞ്ചാരമേഖല ശ്രദ്ധേയമാകുന്നു

Posted on: 02 Sep 2015നീലേശ്വരം: വിനോദസഞ്ചാരമേഖലയില്‍ നീലേശ്വരം കോട്ടപ്പുറം കോട്ടക്കടവ് സംസ്ഥാനത്ത് ആലപ്പുഴ കഴിഞ്ഞാല്‍ ആധുനികസൗകര്യങ്ങളോടുകൂടിയ ഹൗസ് ബോട്ടുകള്‍ കൂടുതലുള്ളത് കോട്ടപ്പുറത്താണ്. ഇവിടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച 11 ഹൗസ് ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി പുഴയില്‍ ഇറങ്ങുന്നത്. സംസ്ഥാനത്ത് സീപ്ലെയിന്‍ ഇറങ്ങാനുള്ള സൗകര്യവും കോട്ടപ്പുറത്ത് ഒരുക്കിയിട്ടുണ്ട്.
ആധുനിക സുരക്ഷാ സജ്ജീകരണങ്ങളോടുകൂടിയ ഹൗസ് ബോട്ടുകള്‍ പൂര്‍ണമായും നൂതനസാങ്കേതികവിദ്യകളിലൂടെയാണ് നിര്‍മിച്ചിരിക്കുന്നത്. വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, എ.സി. കിടപ്പുമുറി, ബാല്‍ക്കണി, കക്കൂസ്, ബാത്ത് റൂം, പുഴയില്‍ ഇറങ്ങിക്കുളിക്കാനുള്ള സൗകര്യം, അടുക്കള തുടങ്ങിയ എല്ലാ സൗകര്യങ്ങളും ബോട്ടുകളിലുണ്ട്. റേഡിയോ, ടെലിവിഷന്‍, കമ്പ്യൂട്ടര്‍ സൗകര്യംവരെ ബോട്ടുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 മുതല്‍ 80 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ബോട്ടുകളുണ്ട്. വിവാഹനിശ്ചയം, കുടുംബസംഗമം, വിശേഷാല്‍ പൊതുയോഗങ്ങള്‍, മറ്റു പ്രധാന ചടങ്ങുകള്‍ എന്നിവയ്ക്കാണ് പലരും ഹൗസ് ബോട്ടുകള്‍ ഉപയോഗിക്കുന്നത്. ഭക്ഷണവും ബോട്ടുകളില്‍ ലഭിക്കും. പുഴമത്സ്യമാണ് പ്രധാന ആകര്‍ഷണം. രാവിലെ പുഴയിലിറങ്ങുന്ന ഹൗസ് ബോട്ടുകള്‍ സന്ധ്യയോടെയാണ് തീരദേശത്തെ പ്രകൃതിസൗന്ദര്യം ആസ്വദിച്ച് തിരിച്ചെത്തുന്നത്.
മൂന്നുകോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച ബേക്കല്‍ ക്യൂന്‍ എന്ന ഹൗസ്‌ബോട്ടാണ് ഇപ്പോഴത്തെ പ്രധാന ആകര്‍ഷണം. മരവും സ്റ്റീലും ഗ്ലാസുകളും ഉപയോഗിച്ചാണ് ബോട്ട് നിര്‍മിച്ചത്. മൂന്ന് എ.സി. കിടപ്പുമുറികളും രണ്ട് കോണ്‍ഫറന്‍സ് ഹാളുകളും ഇതിലുണ്ട്. കോട്ടപ്പുറത്തുനിന്ന് യാത്രതിരിക്കുന്ന ബോട്ട് യാത്രക്കാര്‍ക്ക് വലിയപറമ്പാണ് ഇഷ്ട വിനോദകേന്ദ്രം.
പരിചയസമ്പന്നരായ ജീവനക്കാരാണ് ഓരോ ബോട്ടിലുമുള്ളത്. ഈ ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ ജെട്ടികള്‍ കോട്ടപ്പുറത്ത് ഇല്ലാത്തതാണ് ഇവ നേരിടുന്ന പ്രധാന പ്രശ്‌നം. ജെട്ടി ഉള്ളവര്‍ക്ക് വന്‍തുക നല്കിയാണ് മറ്റു ബോട്ടുകള്‍ കരയ്ക്ക് അടുപ്പിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍നിന്ന് അനുകൂലമായ നടപടി ഉണ്ടായാല്‍ കോട്ടക്കടവില്‍ ഇനിയും ഹൗസ് ബോട്ടുകള്‍ യാത്രക്കാര്‍ക്കായി എത്തും.

More Citizen News - Kasargod