സി.പി.എം. ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം യെച്ചൂരി ഉദ്ഘാടനം ചെയ്യും

Posted on: 01 Sep 2015ചെറുവത്തൂര്‍: സി.പി.എം. ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റി പണിത ഓഫീസ് കെട്ടിടം 'എ.കെ.ജി. ഭവന്‍' സപ്തംബര്‍ മൂന്നിന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.
ചെറുവത്തൂര്‍ ഏരിയക്കകത്തെ പടന്ന, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുന്‍ ജനങ്ങളുടെയും ജീവിതപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുള്ള കേന്ദ്രമായി എ.കെ.ജി. ഭവന്‍ ഉപയോഗപ്പെടുത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്.
പാര്‍ട്ടി അംഗങ്ങളില്‍നിന്ന് ഒരുദിവസത്തെ വേതനം സംഭാവനയായി ലഭിച്ച 16 ലക്ഷവും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച തുകയും ചെലവഴിച്ചാണ് എ.കെ.ജി. ഭവന്‍ പണിതതെന്ന് ഏരിയാ സെക്രട്ടറി കെ.പി.വല്‍സലന്‍ പറഞ്ഞു.
അനഭിമതരായവരില്‍നിന്ന് ധനസമാഹരണം നടത്തിയിട്ടില്ലെന്നും ഭീമമായ തുക ആരോടും സംഭാവനയായി വാങ്ങിയിട്ടില്ലെന്നും സൂചിപ്പിച്ചു.
മൂന്നിന് അഞ്ചിന് ചെറുവത്തൂര്‍ റെയില്‍വേ മേല്പാലത്തിന് സമീപത്തുനിന്ന് ചുവപ്പ് വോളന്റിയര്‍മാരുടെ മാര്‍ച്ച് നടക്കും. 5.30ന് ദേശീയപാതയില്‍നിന്ന് ബാന്‍ഡ് മേളത്തിന്റെയും കേരളീയവസ്ത്രം ധരിച്ച വനിതകളുടെയും അകമ്പടിയോടെ അഖിലേന്ത്യാ ജനറല്‍സെക്രട്ടറിയെ സ്വീകരിച്ച് എ.കെ.ജി. ഭവനിലേക്ക് ആനയിക്കും. വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും.
ഇ.എം.എസ്. സ്മാരക ഹാള്‍ പി.കരുണാകരനും നായനാര്‍ സ്മാരക ലൈബ്രറി ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രനും ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ജില്ലാസെക്രട്ടേരിയറ്റംഗം പി.ജനാര്‍ദനന്‍, എം.അമ്പൂഞ്ഞി, കെ.കണ്ണന്‍, മാധവന്‍ മണിയറ, കെ.ബാലകൃഷ്ണന്‍, മുനമ്പത്ത് ഗോവിന്ദന്‍, കയനി കുഞ്ഞിക്കണ്ണന്‍, വി.ചന്ദ്രന്‍, എം.ശാന്ത, കെ.ശകുന്തള തുടങ്ങിയവരും പങ്കെടുത്തു.

More Citizen News - Kasargod