സംയമനത്തിന് സി.പി.എം.-ബി.ജെ.പി. നേതൃത്വം തയ്യാറായി; സമാധാനം ഉറപ്പുവരുത്തി സര്‍വകക്ഷി യോഗം

Posted on: 01 Sep 2015
കാഞ്ഞങ്ങാട്: രാഷ്ട്രീയ അതിക്രമം നടന്ന പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കാഞ്ഞങ്ങാട്ട് സര്‍വകക്ഷി യോഗതീരുമാനം. അതിക്രമം നടത്തിയവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിന് ആരും തടസ്സം നില്‍ക്കരുതെന്ന് അഭ്യര്‍ഥിച്ച യോഗം സി.പി.എം. പ്രവര്‍ത്തകന്‍ കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ നാരായണന്റെ കൊലപാതകത്തില്‍ ശക്തമായി അപലപിക്കുകയും മൗനം ആചരിക്കുകയും ചെയ്തു. സി.പി.എം.-ബി.ജെ.പി. നേതൃത്വം സംയമനത്തിന് തയ്യാറായതോടെയാണ് തിരുവോണം നാളില്‍ തുടങ്ങിയ അക്രമത്തിനും സംഘര്‍ഷത്തിനും മേല്‍ സമാധാനത്തിന്റെ സന്ദേശം മുഴക്കാനുള്ള സര്‍വകക്ഷി യോഗതീരുമാനം സാധ്യമായത്.
വീട്ടില്‍ കയറിയുള്ള അതിക്രമത്തെ ഒരുകാരണവശാലും ന്യായീകരിക്കാനാകില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഏകസ്വരത്തില്‍ പറഞ്ഞു. സര്‍വകക്ഷി തീരുമാനം നടപ്പായാല്‍ രണ്ടുദിവസത്തിനുള്ളില്‍ നിരോധനാജ്ഞ പിന്‍വലിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എസ്.ശ്രീനിവാസ് ഉറപ്പുനല്കി.
അക്രമം നടന്ന സ്ഥലങ്ങളില്‍ അതത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കൈകോര്‍ത്ത് സമാധാനാന്തരീക്ഷം ഉറപ്പുവരുത്തണം. ഇത്തരമൊരു നിര്‍ദേശം ജില്ലാനേതൃത്വം അവര്‍ക്കുമുമ്പില്‍ ഉന്നയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് എം.എല്‍.എ. ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ആര്‍.ഡി. ഓഫീസിലാണ് സമാധാനകമ്മിറ്റി യോഗം നടന്നത്. രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍ അക്രമം നടത്തിയാലും അതിന്റെ പ്രതിഫലനം ഉണ്ടാകുന്നത് പൊതുസമൂഹത്തിനൊട്ടാകെയാണെന്ന് എം.എല്‍.എ. പറഞ്ഞു. പെട്ടെന്നുതന്നെ അഭ്യന്തരമന്ത്രി ഇടപെട്ട് കൂടുതല്‍ പോലീസ്സേനയെ അക്രമപ്രദേശങ്ങളില്‍ എത്തിച്ചു. ഇത് അക്രമം പടരാതിരിക്കാന്‍ കാരണമായെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് പി.കരുണാകരന്‍ എം.പി. ആവശ്യപ്പെട്ടു. നാരായണന്റെ കൊലപാതകത്തില്‍ ബി.ജെ.പി.ക്ക് പങ്കില്ലെന്ന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകാന്ത് പറഞ്ഞു. നാലുമാസത്തിനിടെ ഞങ്ങളുടെ നാലുപ്രവര്‍ത്തകരാണ് കൊലക്കത്തിക്കിരയായതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ പറഞ്ഞു.
അക്രമം നടത്തിയവരെ തള്ളിപ്പറയാന്‍ അതത് രാഷ്ട്രീയനേതൃത്വം തയ്യാറാകണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ആവശ്യപ്പെട്ടു. സി.പി.എം.-ബി.ജെ.പി. നേതാക്കളുടെ സംസാരത്തില്‍ അക്രമത്തില്‍ ഇരുനേതൃത്വത്തിനും പങ്കില്ലെന്ന് തെളിഞ്ഞതായും അതുകൊണ്ടുതന്നെ അക്രമികളെ സംരക്ഷിക്കാന്‍ ആരും തയ്യാറാകില്ലെന്ന് കരുതാമെന്നും ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്‍ പറഞ്ഞു. കാലിച്ചാനടുക്കത്തെ തര്‍ക്കം കൊലപാതകത്തിലെത്തിച്ചത് മദ്യമാണെന്ന് ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി പി.സി.രാജേന്ദ്രന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ബാലകൃഷ്ണന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം അഡ്വ. എം.സി.ജോസ്, സി.എം.പി. ജില്ലാ സെക്രട്ടറി ബി.സുകുമാരന്‍, സംസ്ഥാനകമ്മിറ്റിയംഗം വി.കമ്മാരന്‍, സി.പി.ഐ. നേതാക്കളായ ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, എ.ദാമോദരന്‍, എസ്.കെ.കുട്ടന്‍, പി.നാരായണന്‍, ടി.കോരന്‍, കളക്ടര്‍ പി.എസ്.മുഹമ്മദ്‌സഗീര്‍, ആര്‍.ഡി.ഒ. ഡോ. പി.കെ.ജയശ്രീ എന്നിവര്‍ സംബന്ധിച്ചു. ശ്രീകൃഷ്ണജയന്തി സന്തോഷത്തോടെയും സ്‌നേഹത്തോടെയും കൈകോര്‍ത്ത് ആഘോഷിക്കാമെന്ന് പരസ്​പരം പറഞ്ഞും അക്രമം പടരാന്‍ അനുവദിക്കാതെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച പോലീസിനെ അഭിനന്ദിച്ചുമാണ് യോഗം പിരിഞ്ഞത്.

രാഷ്ട്രീയ കേസുകളിലെ ഇടപെടലിനെതിരെ തുറന്നടിച്ച് ജില്ലാ പോലീസ് മേധാവി


കാഞ്ഞങ്ങാട്:
അക്രമം നടത്തിയവരെ ജയിലിലടയ്ക്കും. റിമാന്‍ഡ് കാലം കഴിഞ്ഞാല്‍ പിന്നെ അവരാരെങ്കിലും പിന്നീട് ജയിലിലേക്കെത്തുന്നുണ്ടോ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചോദ്യങ്ങള്‍ ഉയര്‍ത്തിയും അതിനെല്ലാം കാരണം രാഷ്ട്രീയ ഇടപെടലാണെന്നും പറഞ്ഞ് ജില്ലാ പോലീസ് മേധാവി ഡോ. എസ്.ശ്രീനിവാസ് സര്‍വകക്ഷി യോഗത്തില്‍ തുറന്നടിച്ചു. എല്ലാ കേസുകളും പിന്‍വലിക്കുന്നു. വര്‍ഗീയ കേസുകള്‍ എടുക്കുന്നതിന് കണക്കില്ല. പക്ഷേ, ആരും ശിക്ഷിക്കപ്പെടുന്നില്ല. 2011-ല്‍ നൂറിലേറെ വര്‍ഗീയ കേസുകള്‍ ഹൊസ്ദുര്‍ഗ് പോലീസ് എടുത്തിരുന്നു. എന്തായി ആ കേസുകളൊക്കെയെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ. എല്ലാം പലതവണയായി പിന്‍വലിച്ചു. ഇപ്പോള്‍ നടന്ന അക്രമങ്ങള്‍ക്കെതിരെ പരാതിയില്ലാഞ്ഞിട്ടും പോലീസ് സ്വമേധയാ കേസെടുത്തു. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിനപ്പുറം ചെയ്യുന്നുണ്ട്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറുടെ സര്‍ക്കിളില്‍ മാത്രം 60 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുണ്ട്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം തയ്യാറാക്കണം. ഇതിനിടയില്‍ മറ്റു എത്രയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. എല്ലാറ്റിനുമുള്ള പോലീസ് സേന ഇവിടെയില്ല. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയാക്കി മറ്റൊരു സര്‍ക്കിള്‍ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ചാനലില്‍ തെറ്റായ ഫ്ലഷ് ന്യൂസ് വന്നാല്‍ അതും പോലീസിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുന്നു. ഒരടിസ്ഥാനരഹിത വാര്‍ത്തയും പോലീസ് കൊടുക്കില്ല -പോലീസ് മേധാവി പറഞ്ഞു.

More Citizen News - Kasargod