അപകടക്കെണിയൊരുക്കി വൈദ്യുതത്തൂണ്‍

Posted on: 01 Sep 2015കാഞ്ഞങ്ങാട്: തിരക്കേറിയ റോഡരികില്‍ അപകടഭീഷണിയായി നില്ക്കുന്ന വൈദ്യുതത്തൂണ്‍ മാറ്റാന്‍ അധികൃതര്‍ ഇനിയും വൈകരുത്. കോട്ടച്ചേരി ട്രാഫിക് ജങ്ഷനില്‍ രാംനഗര്‍ റോഡിലേക്ക് തിരിയുന്ന മൂലയിലുള്ള വൈദ്യുതത്തൂണ്‍ അപകടഭീഷണിയായിട്ട് നാളേറെയായി. ബസ്സുകളും വലിയവാഹനങ്ങളും തൂണിനെ തൊട്ടുരുമ്മിയാണ് കടന്നുപോകുന്ന്. വലിപ്പംകൂടിയ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഇവിടെ രാം നഗര്‍ റോഡിലേക്ക് തിരിയുന്നത് വളരെ പ്രയാസപ്പെട്ടാണ്. ഇത് പലപ്പോഴും ട്രാഫിക് ജങ്ഷനില്‍തന്നെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
അബദ്ധവശാല്‍ ഏതെങ്കിലും വാഹനം വൈദ്യുതത്തൂണിലിടിച്ചാല്‍ വലിയ ദുരന്തത്തിന് കാരണമാവും. കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ ഭാഗമായി രാംനഗര്‍ റോഡിലെ സ്ഥലം അധികൃതര്‍ പൊന്നുംവിലകൊടുത്ത് വാങ്ങി കടമുറികള്‍ പൊളിച്ചുനീക്കി റോഡ് വീതി കൂട്ടിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, റോഡരികിലുണ്ടായ വൈദ്യുതത്തൂണ്‍ വീതി വര്‍ധിപ്പിച്ച റോഡ് ഭാഗത്തേക്ക് മാറ്റാന്‍ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ പേരില്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ തണല്‍മരങ്ങള്‍ വെട്ടിമാറ്റാന്‍ കാണിച്ച ആവേശം ഈ അപകടഭീഷണിയായി മാറിയ വൈദ്യുതത്തൂണിന്റെ കാര്യത്തില്‍ കാണാത്തത് ഡ്രൈവര്‍മാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

More Citizen News - Kasargod