ജീവനക്കാരില്ല; കെ.എസ്.ആര്‍.സി. സര്‍വീസുകള്‍ മുടങ്ങുന്നു

Posted on: 01 Sep 2015കാസര്‍കോട്: ജീവനക്കാരുടെ അഭാവത്തില്‍ വലഞ്ഞ് കെ.എസ്.ആര്‍.ടി.സി. ഡിപ്പോകള്‍. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളാണ് വണ്ടിയുണ്ടായിട്ടും ഓടിക്കാനാളില്ലാത്തതിനാല്‍ കഷ്ടപ്പെടുന്നത്. ജില്ലയില്‍ ദിവസവും ഇരുപതിലേറെ സര്‍വീസുകളാണ് ഇതുമൂലം മുടങ്ങുന്നത്. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോഴാണ് കെ.എസ്.ആര്‍.ടി.സി.യെ ജീവനക്കാരുടെ ക്ഷാമം ബുദ്ധിമുട്ടിക്കുന്നത്.
കാസര്‍കോട്ട് 99 കെ.എസ്.ആര്‍.ടി.സി.യും 3 കെ.യു.ആര്‍.ടി.സി.യും ഉള്‍പ്പെടെ 102 ഷെഡ്യൂളുകള്‍ ഉണ്ടെങ്കിലും ശരാശരി 72 ഷെഡ്യൂളുകള്‍ മാത്രമേ നടത്താന്‍ സാധിക്കുന്നുള്ളൂ. 27 ഷെഡ്യൂളുകള്‍ സ്ഥിരം ക്യാന്‍സല്‍ചെയ്യപ്പെടുന്ന സ്ഥിതിയാണ്. 235 ഡ്രൈവര്‍മാരും 225 കണ്ടക്ടര്‍മാരുമാണ് കാസര്‍കോട് ഡിപ്പോയിലെ കൃത്യമായ ബസ് സര്‍വീസുകള്‍ക്ക് ആവശ്യം. എന്നാല്‍, നിലവില്‍ 191 ഡ്രൈവര്‍മാരും 193 കണ്ടക്ടര്‍മാരും മാത്രമേ സേവനത്തിനുള്ളൂ. ഇതിനുപുറമെ രണ്ട് ടാങ്കര്‍ലോറി ഓപ്പറേഷനും ഷണ്ടിങ് ഡ്യൂട്ടി ഉള്‍പ്പെടെ നടത്തുന്നതിനുമായി 15 ഡ്രൈവര്‍മാരെയും ആവശ്യമാണ്. എന്നാല്‍, ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ഉള്ളവരെവെച്ച് ഒപ്പിക്കേണ്ട ഗതികേടിലാണ് ഡിപ്പോ അധികൃതര്‍.
കാഞ്ഞങ്ങാട്ടും സമാനസ്ഥിതിയാണ്. 60 ഷെഡ്യൂളുകള്‍വേണ്ടിടത്ത് 48 ഷെഡ്യൂളുകളാണ് നടത്തുന്നത്. 162 കണ്ടക്ടറും 164 ഡ്രൈവറുമാണ് കാഞ്ഞങ്ങാട്ട് ആവശ്യം. എന്നാല്‍, ഇവിടെ 130 കണ്ടക്ടര്‍മാരും 124 ഡ്രൈവര്‍മാരുമാണ് ജോലി ചെയ്യുന്നത്. ഷെഡ്യൂളുകള്‍ക്കധികമായി അഞ്ച് ബസുകള്‍ ഉള്‍പ്പെടെ 65 ബസ്സുകള്‍ ആവശ്യമായിരിക്കെ ഡിപ്പോയില്‍ 53 ബസ്സുകളേയുള്ളൂ. അതും ഭൂരിഭാഗവും പഴകിയത്.
കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തെയും സര്‍വീസുകള്‍ മുടങ്ങുന്നത് ബാധിച്ചുകഴിഞ്ഞു. അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ മികച്ച കളക്ഷന്‍ ഉള്ള കാസര്‍കോട് ഡിപ്പോയില്‍ പ്രതിദിന വരുമാനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പ്രതിദിനം 12 ലക്ഷം രൂപ ലഭിച്ചിരുന്നിടത്ത് നിലവില്‍ 10 ലക്ഷത്തിനടുത്താണ് വരുമാനം. മംഗലാപുരം ദേശസാത്കൃത പാതയിലുള്‍പ്പെടെ മികച്ച കളക്ഷന്‍ ലഭിക്കുമ്പോഴാണ് ഈ അവസ്ഥ. കാഞ്ഞങ്ങാട് ഡിപ്പോയില്‍ ആദ്യം 5.75 ലക്ഷം വരുമാനമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 4.3 ലക്ഷമായി ചുരുങ്ങി.
നഷ്ടം നികത്താന്‍ യാത്രക്കാരില്‍നിന്ന് അധികമായി സെസ് ചാര്‍ജും ഈടാക്കുമ്പോഴാണ് നേരത്തേ ഉണ്ടായിരുന്ന വരുമാനത്തില്‍ നിലവില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്.

More Citizen News - Kasargod