അധ്യാപക രക്ഷാകര്‍തൃ സമിതി അവാര്‍ഡ്

Posted on: 01 Sep 2015കാസര്‍കോട്: കഴിഞ്ഞ അധ്യയന വര്‍ഷത്തെ ജില്ലയിലെ മികച്ച അധ്യാപക രക്ഷാകര്‍തൃസമിതിയിലേക്കുള്ള അവാര്‍ഡിന് സെക്കന്‍ഡറിതലത്തില്‍ കക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും പ്രൈമറി വിഭാഗത്തില്‍ അരയി ജി.യു.പി. സ്‌കൂളും അര്‍ഹരായി. ജി.എം.വി.എച്ച്.എസ്.എസ്. തളങ്കര (സെക്കന്‍ഡറി)യും എ.യു.പി.സ്‌കൂള്‍ ആലന്തട്ട (പ്രൈമറി) യും രണ്ടാം സ്ഥാനത്തിനര്‍ഹരായി. വിദ്യാഭ്യാസ ജില്ലാതലത്തില്‍ ജി.എച്ച്.എസ്.എസ്. കക്കാട്ട് (കാഞ്ഞങ്ങാട്), ജി.എം.വി.എച്ച്.എസ്.എസ്. തളങ്കര(കാസര്‍കോട്) ഒന്നാം സ്ഥാനത്തെത്തി. ഉപജില്ലാതലത്തില്‍ ജി.യു.പി. സ്‌കൂള്‍ അരയി(ഹൊസ്ദുര്‍ഗ്) എ.യു.പി. സ്‌കൂള്‍ ആലന്തട്ട(ചെറുവത്തൂര്‍) ജി.എല്‍.പി. സ്‌കൂള്‍ ചാലിങ്കാല്‍ (ബേക്കല്‍) ജി.എല്‍.പി. സ്‌കൂള്‍ അതൃക്കുഴി (കാസര്‍കോട്), എസ്.എ.ടി.എല്‍.പി.എസ്. മഞ്ചേശ്വരം (മഞ്ചേശ്വരം) എന്നീ സ്‌കൂള്‍ സമിതികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിറ്റാരിക്കാല്‍ കുമ്പള ഉപജില്ലകളില്‍ നിന്നും മത്സരത്തിനായി സമിതികളെ നിര്‍ദേശിച്ചിരുന്നില്ല. റവന്യൂ ജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സെക്കന്‍ഡറി തലത്തില്‍ 60000 രൂപ 40000 രൂപ നിരക്കിലും പ്രൈമറി തലത്തിലെ വിജയികള്‍ക്കും പ്രസ്തുത തുക തന്നെ ക്യാഷ് അവാര്‍ഡായി ലഭിക്കും. ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ സമിതികള്‍ക്ക് 10000 രൂപ വീതവും വിദ്യാഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം നേടിയ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 25000 രൂപ വീതവും അവാര്‍ഡ് നല്‍കും. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ടി.ടി.ഐ. കലോത്സവത്തില്‍ ചൊവ്വാഴ്ച വിതരണം ചെയ്യും.

More Citizen News - Kasargod