പണിമുടക്ക്; ഒമ്പത് കേന്ദ്രങ്ങളില്‍ പൊതുയോഗം

Posted on: 01 Sep 2015കാസര്‍കോട്: സപ്തംബര്‍ രണ്ടിന് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന ദേശീയപണിമുടക്കിന്റെ ഭാഗമായി ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ പൊതുയോഗം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹൊസങ്കടി, കുമ്പള, കാസര്‍കോട്, പാലക്കുന്ന്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് പൊതുയോഗം. പണിമുടക്കുദിവസം തൊഴിലാളികള്‍ പഞ്ചായത്തുകേന്ദ്രങ്ങളില്‍ പ്രകടനംനടത്തും. ചൊവ്വാഴ്ച വിവിധകേന്ദ്രങ്ങളില്‍ മൈക്ക്പ്രചാരണം നടത്തും. കര്‍ഷകരുള്‍പ്പെടെ സമസ്തമേഖലയിലെ തൊഴിലാളികളും പണിമുടക്കിന്റെഭാഗമാകും.
കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരങ്ങളുടെഭാഗമായാണ് പണിമുടക്ക്. കുറഞ്ഞ പ്രതിമാസവേതനം 15,000 രൂപയാക്കുക, വിലക്കയറ്റംതടയുക, അസംഘടിത തൊഴിലാളികള്‍ക്ക് സംരക്ഷണംനല്കുക തുടങ്ങിയ 12 ആവശ്യങ്ങളും സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ ഉയര്‍ത്തുന്നുണ്ട്.
ജില്ലാ കണ്‍വീനര്‍ പി.രാഘവന്‍, ടി.കെ.രാജന്‍, കെ.വി.കൃഷ്ണന്‍, കെ.ബാലകൃഷ്ണന്‍, ഷെരീഫ് കൊടവഞ്ചി, സി.എം.എ.ജലീല്‍, സി.വി.ചന്ദ്രന്‍, ആര്‍.വിജയകുമാര്‍, കെ.വി.ദാമോദരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod