നാട് നടുങ്ങി; ജില്ലയ്ക്ക് കറുത്ത തിരുവോണവും ചതയവും

Posted on: 31 Aug 2015ഞായറാഴ്ച ജില്ലയില്‍ ഏഴുപേര്‍ക്ക് വെട്ടേറ്റു

കാസര്‍കോട്:
ഓണംനാളുകളെ ഭീതിയാലാഴ്ത്തി ജില്ലയില്‍ വീണ്ടും സംഘര്‍ഷം. തിരുവോണനാളില്‍ തുടങ്ങിയ സംഘര്‍ഷം ചതയംനാളില്‍ പടര്‍ന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ജില്ല നടുങ്ങി. ഓണനാളില്‍ കാലിച്ചാനടുക്കം ആനപ്പെട്ടി ചുണ്ണങ്കയത്തെ പരേതനായ മാധവന്റെ മകന്‍ സി.നാരായണന്‍ (42) കൊല ചെയ്യപ്പെട്ടപ്പോള്‍ അത് ജില്ലയ്ക്ക് കറുത്തദിനമായി. നാരായണന്റെ സഹോദരന്‍ അരവിന്ദനും (30) കുത്തേറ്റ് മംഗലാപുരം ആസ്​പത്രിയിലാണ്.
ഭീതിയുടെയും സങ്കടത്തിന്റെയും കണ്ണീര് ഉണങ്ങുംമുമ്പാണ് ചതയനാളില്‍ കാഞ്ഞങ്ങാട് കാറ്റാടി കൊളവയലില്‍ ഏഴുപേര്‍ക്ക് വെട്ടേറ്റത്. ഉറിയടി മത്സരവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്. സി.പി.എം. പ്രവര്‍ത്തകരായ ഷിജു, ശ്രീജേഷ്, രതീഷ്, ശ്രീജിത് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ മംഗലാപുരം ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി.പ്രവര്‍ത്തകരായ ദേവി ഗണേശന്‍, സുനില്‍, ശ്രീജിത് എന്നിവര്‍ക്കും വെട്ടേറ്റു. ഇവരെയും മംഗലാപുരത്ത് പ്രവേശിപ്പിച്ചു.
രണ്ട് സംഭവങ്ങളിലായി വെട്ടേറ്റവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. പ്രതികള്‍ വലയിലുണ്ടെന്നാണ് പോലീസ് പറയുന്നതെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ചതയദിന മത്സരങ്ങളും പൊതുസമ്മേളനവും പലയിടത്തും നിര്‍ത്തിവെച്ചു. ബസ്സുകള്‍ യാത്ര നിര്‍ത്തി. ജനത്തിന് ദുരിതം നല്‍കി. അക്രമം കൂടുതല്‍ പടരാതിരിക്കാന്‍ ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

More Citizen News - Kasargod