ഇടയിലക്കാട്ടെ വാനരര്‍ക്ക് ഓണസദ്യ ഒരുക്കി

Posted on: 31 Aug 2015തൃക്കരിപ്പൂര്‍: ഇടയിലക്കാട് നാഗവനത്തിലെ 40-ഓളം വാനരര്‍ക്ക് ഓണസദ്യ വിളമ്പി. അവിട്ടംനാളില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഇവിടെ ഓണസദ്യ നല്കിവരുന്നുണ്ട്. ഹര്‍ത്താലിനെത്തുടര്‍ന്ന് ഇത്തവണ ഞായറാഴ്ചയാണ് സദ്യയൊരുക്കിയത്.
ഇടയിലക്കാട് നവോദയവായനശാല പ്രവര്‍ത്തകരാണ് സദ്യ നല്കിവരുന്നത്. കാവിലെ കുരങ്ങുകള്‍ക്ക് സ്ഥിരമായി ചോറ് ഉരുളകളാക്കി നല്‍കുന്ന ചാലില്‍ മാണിക്കത്തിന്റെ നേതൃത്വത്തില്‍ വായനശാല ബാലവേദി കുട്ടികള്‍ ഇലവെച്ച് വിഭവങ്ങള്‍ വിളമ്പി. ഇതിനായി കാവിനോടുചേര്‍ന്ന് പ്രത്യേകം ഇരിപ്പിടവുമൊരുക്കിയിരുന്നു. ഉപ്പുചേര്‍ക്കാത്ത ചോറിനുപുറമെ, ചക്ക, സപ്പോട്ട, തക്കാളി, ബീറ്റ്‌റൂട്ട്, കക്കിരി, വാഴപ്പഴം, വത്തക്ക, കാരറ്റ് എന്നിവയാണുണ്ടായിരുന്നത്. ഓണസദ്യ കാണാന്‍ നിരവധിപ്പേര്‍ കാവിലെത്തിയിരുന്നു.
മൊബൈലുകളും ക്യാമറകളുമായി കുട്ടികള്‍ കുരങ്ങുകളുടെ വരവിനായി അല്പം കാത്തിരിക്കേണ്ടി വന്നു. ആള്‍ക്കൂട്ടം കണ്ട് ഭയന്ന കുരങ്ങുകള്‍ മരച്ചില്ലകളിലിരുന്ന് ശബ്ദമുണ്ടാക്കി. സ്ഥിരമായി ഊട്ടുന്ന ചാലില്‍ മാണിക്കം കുരങ്ങുകളിലെ മുത്തശ്ശിയായ പപ്പിയെ നീട്ടിവിളിച്ചതോടെ കുരങ്ങുകളൊന്നൊന്നായി ഇറങ്ങിവന്നു. വിഭവങ്ങള്‍ രുചിയോടെ അകത്താക്കി.
വായനശാല ഭാരവാഹികളായ പി.വി.പ്രഭാകരന്‍, പി.വേണുഗോപാലന്‍, ബാലവേദി പ്രവര്‍ത്തകരായ പി.വി.സംഗീത, കെ.മീര, വി.ഫിദല്‍, അതുല്‍രാജ്, കെ.ശ്രീധിഷ, കെ.അശ്വതി എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod