പാണത്തൂര്‍ സംസ്ഥാന പാതയിലെ ബസ്സുകളുടെ മത്സരയോട്ടം: നടപടിവേണമെന്ന് നാട്ടുകാര്‍

Posted on: 31 Aug 2015ഇരിയ: മത്സരിച്ചോടുന്ന സ്വകാര്യബസ്സുകളെ നിയന്ത്രിക്കാന്‍ നടപടിയില്ല. പാണത്തൂര്‍-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഏഴാംമൈല്‍ മുതല്‍ കാഞ്ഞങ്ങാടുവരെയുള്ള മെക്കാഡം റോഡിലാണ് ബസ്സുകളുടെ മത്സരയോട്ടവും അമിതവേഗവും യാത്രക്കാരെ ഭീതിയിലാക്കുന്നത്.
ഒരാഴ്ചമുമ്പ് മാവുങ്കാലില്‍ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ അമിതവേഗം നിയന്ത്രിക്കാന്‍ കര്‍ശനനടപടി വേണമെന്ന ആവശ്യത്തിന് ശക്തികൂടിയിട്ടുണ്ട്.
ഏഴാംമൈല്‍-ഇരിയ, ഇരിയ സ്‌കൂള്‍, ഇരിയ ബംഗ്ലൂവ്, മുട്ടിച്ചരല്‍, ഗുരുപുരം, പാറപ്പള്ളി, സദ്ഗുരു, അമ്പലത്തറ, രാംനഗര്‍ ഭാഗങ്ങളിലാണ് ബസ്സുകള്‍ അമിതവേഗത്തില്‍ ഓടുന്നത്. പലപ്പോഴും ബസ്സുകള്‍ ഒരേദിശയിലേക്ക് തൊട്ടുരുമ്മിനടത്തുന്ന മത്സരയോട്ടം വഴിയാത്രക്കാരെപ്പോലും പേടിപ്പെടുത്തുന്നു.
ബസ്സുകളുടെ സമയക്രമത്തില്‍ കൃത്യമായി ഇടവേള ഉണ്ടാക്കിയാല്‍ മത്സരയോട്ടം ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കും. പലപ്പോഴും മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ബസ്സുകള്‍ ഓടുന്നത്. ബസ്സുകളുടെ മത്സരയോട്ടംകാരണം യാത്രക്കാര്‍കുറഞ്ഞ ബസ്സ്‌റ്റോപ്പുകളില്‍നിന്ന് ആള്‍ക്കരെ കയറ്റാതെ ഓടുന്ന ബസ്സുകളും കുറവല്ല. മത്സരയോട്ടം കാരണം ഇറങ്ങാന്‍ പ്രയാസമുള്ള യാത്രക്കാര്‍ക്ക് പലപ്പോഴും ബസ് ജീവനക്കാരുടെ പഴിയും കേള്‍ക്കേണ്ടിവരുന്നുണ്ട്. നിര്‍ത്താതെപോകുന്ന സ്റ്റോപ്പുകളില്‍ രാഷ്ട്രീയസംഘടനകള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. സ്റ്റോപ്പുകളില്‍ നിര്‍ത്താതിരുന്നാല്‍ ബസ്സുകള്‍ തടയുമെന്ന മുന്നറിയിപ്പാണ് ബോര്‍ഡുകളില്‍. ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്ന തരത്തില്‍ റോഡരിക് 'കാട് മൂടിയത്' ഇത്തവണ വെട്ടിതെളിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു പാണത്തൂര്‍മുതല്‍ അമ്പലത്തറവരെയുള്ള 35 കി.മീ. റോഡരികിലെ കാട് വെട്ടിതെളിച്ചത്.

More Citizen News - Kasargod