ഗുരുദേവ സ്മരണയില്‍ നാടെങ്ങും ചതയദിനാഘോഷം

Posted on: 31 Aug 2015കാസര്‍കോട്: ഗുരുദേവ സ്മരണയില്‍ നാടെങ്ങും ചതയദിനം ആഘോഷിച്ചു. ശ്രീനാരായണ ട്രസ്റ്റുകളും സംഘടനകളും വിവിധ പരിപാടികള്‍ നടത്തി. ചതയദിനാഘോഷത്തിന്റെ ഭാഗമായി നെല്ലിക്കുന്ന് സുബ്രഹ്മണ്യക്ഷേത്രത്തില്‍ ശ്രീനാരായണ ധര്‍മസേവാ സംഘം പ്രസിഡന്റ് കെ.ടി.സുബ്രഹ്മണ്യന്‍ പതാക ഉയര്‍ത്തി. അരവിന്ദന്‍, വിജയന്‍, കെ.ടി.രവികുമാര്‍, ഭാസ്‌കരന്‍, കെ.സുഗീര്‍ത്ത്, ആര്‍.പി.രമേഷ് ബാബു, എന്‍.കെ.രാജേന്ദ്രന്‍, നിര്‍മല ഉപേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാകായിക പരിപാടികള്‍ നടത്തി.
ഇരിയണ്ണി: ശ്രീനാരായണ മന്ദിരത്തിന്റെ ചതയദിനാഘോഷ പരിപാടികള്‍ ഇരിയണ്ണിയില്‍ നടന്നു. ഇരിയണ്ണി ജി.വി.എച്ച്.എസ്. സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ 80 ശതമാനം മാര്‍ക്കോടുകൂടി വിജയിച്ചവരെയും അനുമോദിച്ചു. രാവിലെ ഗുരുപൂജ നടത്തി. തുടര്‍ന്ന് പൂക്കള മത്സരവും ഘോഷയാത്രയും നടന്നു.
ഉദുമ:
എസ്.എന്‍.ഡി.പി.യോഗം ഉദുമ യൂണിയന്റെ ചതയദിനാഘോഷം പെരിയയില്‍ നടന്നു. പെരിയ പുലിഭൂത ദേവസ്ഥാനത്ത് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേവീസ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുലിഭൂത ദേവസ്ഥാന സ്ഥാനികന്‍ കോരന്‍ കാരണവര്‍ ഭദ്രദീപം കൊളുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളദേവി മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും ഉപഹാരവും നിര്‍ധന കുടുംബങ്ങളിലെ അംഗക്കള്‍ക്കുള്ള ചികിത്സാ സഹായവും ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ആദംഖാന്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം രാജന്‍ പെരിയ, പി.മാധവന്‍, പി.രാമകൃഷ്ണന്‍, യു.ശ്രീധരന്‍, ധന്യ ജയചന്ദ്രന്‍, മിനി ഭാസ്‌കരന്‍, ജയാനന്ദന്‍, കെ.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി പെരിയ ബസാറില്‍ നിന്ന് പുലിഭൂത ദേവസ്ഥാനത്തേക്ക് ശോഭായാത്ര സംഘടിപ്പിച്ചു.

More Citizen News - Kasargod