മന്ത്രിമാരില്ല; ഈസ്റ്റ് എളേരി പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടകന്‍ പ്രസിഡന്റ് തന്നെ

Posted on: 31 Aug 2015ചിറ്റാരിക്കാല്‍:
പണി പൂര്‍ത്തിയായ പഞ്ചായത്ത് കെട്ടിടോദ്ഘാടനത്തിന് മന്ത്രിമാര്‍ വരാത്തതിനാല്‍ ഉദ്ഘാടകനായി പ്രസിഡന്റ് തന്നെ. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി വന്നതോടെയാണ് സംസ്ഥാന ഭരണകര്‍ത്താക്കള്‍ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പഞ്ചായത്ത് കാര്യാലയമെന്ന ഖ്യാതിയുള്ള ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ പുതിയ കെട്ടിടമാണ് നേതാക്കളുടെ നിരയില്ലാതെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ 10-ന് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തന്മാക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
2.3 കോടി രൂപ ചെലവില്‍ 16000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പഞ്ചായത്ത് കാര്യാലയം നിര്‍മിച്ചത്. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയകക്ഷി നേതാക്കളും ഉദ്ഘാടനത്തിനെത്തും. ഉദ്ഘാടനത്തിന് 4000 പേരെ പങ്കെടുപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജയിംസ്, സ്ഥിരം സമിതി ചെയര്‍മാന്മാരായ മോഹനന്‍ കോളിയാട്ട്, സണ്ണി കോയിത്തുരുത്തേല്‍, ജെസി ടോം, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ജോസ് തയ്യില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod