സ്‌നേഹക്കൂെടാഴിഞ്ഞു; ബാക്കിയാവുന്നത് നൊമ്പരങ്ങള്‍

Posted on: 30 Aug 2015പെരിയ: കോര്‍ത്തുവെച്ച മുത്തുമാലകളും വരച്ചുവെച്ച ചിത്രങ്ങളും ബാക്കിയാക്കി അവള്‍ യാത്രയായി. മങ്ങിയ കാഴ്ചയും മുതുകിലെ വേദനയും സഹിച്ച് പഠനമോഹവുമായി ജീവിച്ച ശരണ്യയുടെ വേര്‍പാടിലൂടെ വടക്കേ കരയിലെ 'സ്‌നേഹക്കൂട്ടി'ല്‍ ബാക്കിയാവുന്നത് ഇതൊക്കെ. വിഷമഴ നല്കിയ സഹനജീവിതമായിരുന്നു വടക്കേ കരയിലെ പരേതനായ കെ.ദാേമാദരന്റെയും ടി.സരോജിനിയുടെയും മകള്‍ ശരണ്യയുടെ ജീവിതം. കുറുനാവില്ലാതെ നട്ടെല്ലുന്തിയ നിലയിലായിരുന്നു അവള്‍ ജനിച്ചത്. ജോലിയാവശ്യാര്‍ഥം ദാമോദരന്‍ കുമ്പളയിലായിരുന്നപ്പോള്‍ നാലാംക്ലൂസുവരെ ശരണ്യ ഷിറിയയിലായിരുന്നു പഠിച്ചത്. ജന്മനാ ബാധിച്ച ശ്വാസസംബന്ധമായ അസുഖവും മുതുകിലെ വേദനയും സഹിച്ചാണ് സ്‌കൂളിലെത്തിയിരുന്നത്.
ദാമോദരന്‍ മരിച്ചതോടെ വടക്കേ കരയില്‍ തിരിച്ചെത്തിയ സരോജിനി മകളെ പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നു. ജീവിത്തില്‍ ഒരിക്കല്‍പ്പോലും സ്വന്തം സ്‌കൂള്‍ബാഗ് എടുത്തുയര്‍ത്താനാവാത്ത മകള്‍ക്കായി അമ്മ ബാഗും ചുമന്ന് കൂട്ട് നടന്നു. ഒമ്പതാംതരം വിദ്യാര്‍ഥിയായ ശരണ്യ അമ്മയോടൊപ്പം രണ്ടാഴ്ചമുമ്പുവരെ സ്‌കൂളിലെത്തിയിരുന്നു.
രണ്ടുവര്‍ഷംമുമ്പ് മുന്നാട് പീപ്പിള്‍സ് കോ ഓര്‍പ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ കൂട്ടായ്മയാണ് ശരണ്യയ്ക്ക് 'സ്‌നേഹക്കൂട്' എന്ന വീട് നിര്‍മിച്ചുനല്കിയത്. കയറിക്കിടക്കാന്‍ ഇടമില്ലാതെ പഠനംനടത്തുന്ന ശരണ്യയുടെ കുടുംബത്തിന്റെ ദുരിതം പെരിയ സ്‌കൂള്‍ അധ്യാപകരും എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മയുമാണ് എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ക്കുമുന്നിലെത്തിച്ചത്. സ്വന്തം വീട്ടിലിരുന്ന് പഠനവും ഒപ്പം ചിത്രംവരയും മാലകോര്‍ക്കലുമൊക്കെയായി ജീവിതം മുന്നോട്ടുപോകുന്നതിനിടയിലാണ് ശരണ്യയ്ക്ക് ട്യൂമര്‍ ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണീരൊഴിയാത്ത സ്‌നേഹക്കൂട്ടില്‍ ഇപ്പോള്‍ അമ്മ തനിച്ചാണ്. ശരണ്യയുടെ സ്‌കൂള്‍ബാഗും പഠിച്ചുകൊണ്ടിരുന്ന പുസ്തകങ്ങളും മാത്രമാണ് കൂട്ട്. വരച്ചുതീര്‍ത്ത ചിത്രങ്ങളും മുത്തുമാലകളും എടുത്തുകാട്ടി അവര്‍ പറയുന്നു: ഒരുപാടുപേര്‍ സഹായിച്ചിട്ടുണ്ട്. അവള്‍ എഴുതാതെവെച്ചുപോയ നോട്ടുപുസ്തകങ്ങളുണ്ട്, ഏതെങ്കിലും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കണം.

More Citizen News - Kasargod