കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted on: 30 Aug 2015രാജപുരം: കാലിച്ചാനടുക്കം കായക്കുന്നില്‍ കൊലചെയ്യപ്പെട്ട സി.പി.എം. പ്രവര്‍ത്തകനായ സി.നാരായണനെ ഒരുനോക്ക് കാണാന്‍ ഹര്‍ത്താല്‍ദിനമായിട്ടും നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. രാവിലെ പതിനൊന്നരയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പൊസ്റ്റുമോര്‍ട്ടം പൂര്‍ത്തീകരിച്ച മൃതദേഹം രണ്ടരയോടെ വിലാപയാത്രയായി കാലിച്ചാനടുക്കം പാട്യം ഗോപാലന്‍ സ്മാരകമന്ദിരത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. പരിയാരത്ത് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, എം.വി.ജയരാജന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് പിലാത്തറ, പയ്യന്നൂര്‍, കരിവെള്ളൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍, നിലേശ്വരം, ചോയ്യംകോട് തുടങ്ങിയ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും അന്ത്യാഞ്ജലിയര്‍പ്പിച്ചു. പി.കരുണാകരന്‍ എം.പി., എം.എല്‍.എ.മാരായ ഇ.ചന്ദ്രശേഖരന്‍, ടി.വി.രാജേഷ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), എന്‍.എ.നെല്ലിക്കുന്ന്, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുന്‍ എം.എല്‍.എ.മാരായ പി.രാഘവന്‍, സി.എച്ച്.കുഞ്ഞമ്പു, കെ.വി.കുഞ്ഞിരാമന്‍, എ.കെ.നാരായണന്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, കെ.മണികണ്ഠന്‍, കെ.രാജ്‌മോഹന്‍, പി.ജനാര്‍ദനന്‍, കെ.വി.കൃഷ്ണന്‍, വി.കെ.രാജന്‍, കൊട്ടറ വാസുദേവ്, കെ.ബാലകൃഷ്ണന്‍, തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തുടര്‍ന്നുനടന്ന അനുശോചനയോഗത്തില്‍ ഏരിയ സെക്രട്ടറി എം.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി.കരുണാകരന്‍ എം.പി., എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് പി.പി.ശ്യാമളദേവി, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എം.വി.ബാലകൃഷ്ണന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുസ്ലിം ലീഗ് നേതാവ് ടി.പി.ഫാറൂക്ക് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod