ഓണത്തിലാറാടി ഒരാഘോഷം

Posted on: 30 Aug 2015കാസര്‍കോട്: പൂക്കളങ്ങളും സദ്യയുമൊരുക്കി ജില്ല ഒരു പൊന്നോണംകൂടി ആഘോഷിച്ചു. തിരുവോണം കഴിഞ്ഞെങ്കിലും പൂവിളിയുമായി എങ്ങും ഓണാഘോഷപരിപാടികള്‍ നടക്കുകയാണ്. നാടന്‍പൂക്കള്‍ കുറവായിരുന്നെങ്കിലും വീടുകളും ക്ലബ്ബുകളും ക്ഷേത്രങ്ങളും പൂക്കളവിസ്തൃതി ഒട്ടും കുറച്ചില്ല. മറുനാടന്‍പൂക്കള്‍ മംഗലാപുരത്തുനിന്ന് ഒഴുകിയെത്തിയപ്പോള്‍ കളം നിറഞ്ഞു.
വൈവിധ്യങ്ങളായ മത്സരങ്ങള്‍ ഇത്തവണയും ഉണ്ടായി. അടുക്കള ക്വിസ്സും ചൂലുണ്ടാക്കലും കോഴിപിടിത്തവും കൗതുകമായപ്പോള്‍ തീറ്റമത്സരവും നിമിഷപ്രസംഗവും സംഗീതത്തൊപ്പിയും മഞ്ചാടി പെറുക്കലും പുതുമയുള്ള ഓണംകളികളായി. ഗ്രാമങ്ങളിലും നഗരങ്ങളിലും മാവേലിവേഷം അണിഞ്ഞവര്‍ നിറഞ്ഞു.
ജില്ലാ ടൂറിസംപ്രമോഷന്‍ കൗണ്‍സിലും വെള്ളിക്കോത്ത് നെഹ്രു ബാലവേദി സര്‍ഗവേദിയും ചേര്‍ന്ന് വിപുലമായ ഓണാഘോഷ പരിപാടികളാണ് നടത്തിയത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വര്‍ണാഭമായ ഘോഷയാത്ര നടത്തി. നാട്ടുകാരെമുഴുവന്‍ ഉള്‍കൊള്ളിച്ച് വിനോദ-കായിക മത്സരങ്ങളും ഓണപ്പാട്ടും അരങ്ങേറി. ക്ലബ് രക്ഷാധികാരി മുരളീധരന്‍ വിജയികള്‍ക്ക് സമ്മാനം നല്കി. ക്ലബ് പ്രസിഡന്റ് ഗോവിന്ദ്രാജ് അധ്യക്ഷതവഹിച്ചു.
ചാത്തങ്കൈ ചെമ്പരിക്ക സഫ്ദര്‍ ഹാശ്മി കലാ-കായിക കേന്ദ്രം ഓണവില്ല് പരിപാടി നടത്തി. മുണ്ടോള്‍ പ്രിയദര്‍ശിനി ശാസ്ത്ര-കലാവേദി വൈവിധ്യങ്ങളായ പരിപാടികളോടെ ഓണാഘോഷം നടത്തി. ഉദുമ ഉമേശ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷവും കെട്ടിടോദ്ഘാടനവും നടന്നു. ഓര്‍മമരം, പൂക്കള മത്സരം, സാംസ്‌കാരിക സമ്മേളനം വൃക്ഷത്തൈ വിതരണം എന്നിവ നടന്നു. ഇരിയണ്ണി എ.കെ.ജി. മെമ്മോറിയല്‍ റീഡിങ്‌റൂം ആന്‍ഡ് ലൈബ്രറി പഴംതീറ്റി മത്സരവും പുരുഷന്മാര്‍ക്ക് സാരിയുടുക്കല്‍ മത്സരവും നടത്തി. കാലിക്കടവ് എ.ബി.സി. സ്‌പോര്‍ട്ടിങ് ക്ലബ്ബ് മാവേലിയും കുട്ടികളും തമ്മിലുള്ള വടംവലി മത്സരം നടത്തി.
ചതയം നാളില്‍ പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ മാതൃകം വനിതാ കൂട്ടായ്മ പൂവിളി നടത്തും. രണ്ടുമണി മുതല്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കും പുരുഷന്മാര്‍ക്കും വൈവിധ്യങ്ങളായ മത്സരങ്ങള്‍ ഉണ്ടാകും. വൈകിട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനം ഡോ. പി.കെ.ഭാഗ്യലക്ഷ്മി ഉദ്ഘാടനംചെയ്യും. വി.എം.പുഷ്പവല്ലി അധ്യക്ഷതവഹിക്കും.

More Citizen News - Kasargod