നീലേശ്വരം പാലവും അപകടത്തില്‍

Posted on: 28 Aug 2015നീലേശ്വരം: ദേശീയപാതയിലെ കാര്യങ്കോട് പാലത്തിനുപിന്നാലെ നീലേശ്വരം പാലവും അപകടത്തില്‍. ആറ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ച പാലം കാലപ്പഴക്കവും അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടത്തിലാകാന്‍ പ്രധാന കാരണം.
പാലത്തിന്റെ കിഴക്കുഭാഗം നിരപ്പില്‍നിന്ന് ഏറെ താഴ്ന്നനിലയിലാണ്. ഈ ഭാഗത്തെ തൂണും സ്ലാബും താഴ്ന്നുകൊണ്ടിരിക്കുകയാണ്. മഴപെയ്താല്‍ താഴ്ന്നഭാഗത്ത് വെള്ളംകെട്ടിനില്ക്കുക പതിവാണ്. മാത്രമല്ല പാലവും റോഡും ബന്ധിപ്പിക്കുന്ന സ്ഥലത്തെ പാലത്തിനടിയിലെ മണ്ണിളകിപ്പോയതിനാല്‍ റോഡ് തകര്‍ന്നനിലയിലാണ്.
നിത്യവും ചരക്കുവാഹനങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് പാലംവഴി കടന്നുപോകുന്നത്. പാലത്തിന്റെ പലഭാഗങ്ങളില്‍നിന്ന് പ്രത്യേകിച്ച് കിഴക്കുഭാഗത്തുനിന്ന് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അസാധാരണമായ ശബ്ദമുണ്ടാകാറുള്ളതായി പുഴയില്‍ മീന്‍പിടിക്കുന്ന തൊഴിലാളികള്‍ പറയുന്നു. മുന്‍കാലങ്ങളില്‍ പാലത്തിനടുത്തുനിന്ന് വ്യാപകമായതോതില്‍ മണല്‍വാരലും ഉണ്ടായിരുന്നു. പാലത്തിന്റെ തൂണുകളില്‍ ചിലതിന് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതും പാലത്തിന്റെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്.
പാലത്തിന്റെ മുകളില്‍ക്കൂടി ഇരുഭാഗങ്ങളിലുമായി ഭാരമേറിയ ഇരുപതോളം പൈപ്പുകള്‍ കടന്നുപോകുന്നുണ്ട്. കുടിവെള്ളത്തിന്റെയും വിവിധ കേബിളുകളുടെയും ഭാരമേറിയ പൈപ്പുകളുടെ ബലത്തിലാണ് പാലത്തിന്റെ കൈവരികള്‍ നിലനില്ക്കുന്നത്. കൈവരികളില്‍ ചിലഭാഗങ്ങള്‍ വാഹനങ്ങളിടിച്ച് തകര്‍ന്നനിലയിലാണ്. കൈവരികളില്‍ ചിലഭാഗങ്ങള്‍ വാഹനങ്ങളിടിച്ച് തകര്‍ന്നനിലയിലാണ്. പാലത്തിന്റെ മുകളില്‍ അശോകസ്തംഭം സ്ഥാപിച്ച തൂണുകള്‍ അപകടത്തില്‍ തകര്‍ന്നടിഞ്ഞിട്ട് കാലമേറെയായി. നീലേശ്വരം-കാഞ്ഞങ്ങാട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ കാര്യങ്കോട്ട് പാലത്തിന്റെ അപകടാവസ്ഥതന്നെയാണ് നീലേശ്വരം പാലവും പേറുന്നത്. കാര്യങ്കോട്ട് പഴയകടവില്‍ പുതിയ പാലത്തിനുള്ള നിര്‍ദേശം ഉണ്ടെങ്കിലും നീലേശ്വരം പാലത്തിന്റെ കാര്യത്തില്‍ ഇതുവളരെ ബദല്‍ നടപടികള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.

More Citizen News - Kasargod