രാജ്‌മോഹന്‍ നീലേശ്വരത്തിന് അവാര്‍ഡ്‌

Posted on: 28 Aug 2015നീലേശ്വരം: രാജ്‌മോഹന്‍ നീലേശ്വരത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് ലഭിച്ചു. സര്‍ഗാത്മക സാഹിത്യത്തില്‍ രാജ്‌മോഹന്‍ രചിച്ച 'വെയിലിന്റെ നിറം' എന്ന കൃതിക്കാണ് അവാര്‍ഡ്. 14 നാടകങ്ങളുടെ സമാഹാരമായ 'വെയിലിന്റെ നിറ'ത്തിന് അബുദാബി ശക്തി അവാര്‍ഡും ലഭിച്ചിരുന്നു.
വൈവിധ്യവും സംക്ഷിപ്തവുംകൊണ്ട് ഗഹനവും ഉജ്വലവുമായ നാടകം കാലികമായ സാമൂഹിക യാഥാര്‍ഥ്യങ്ങളെ അനാവരണംചെയ്യുന്നു. രാജ്‌മോഹന്റെ 'മരമീടന്‍' നാടകത്തിന് കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സ്‌കൂള്‍ കലോത്സവം, ക്യാമ്പ്, അമച്വര്‍, പ്രൊഫഷണല്‍ തുടങ്ങിയവയ്ക്കായി നാല്പതോളം നാടകങ്ങള്‍ രചിച്ചിട്ടണ്ട്. ഏകലവ്യന്‍, പാക്കനാര്‍സൂക്തം, എലിയെ കൊല്ലാന്‍ തമ്പുരാന്‍ ഇല്ലംചുടട്ടെ, കര്‍ണന്‍, മാനസാന്തരത്തിന്റെ ബാക്കിപത്രം തുടങ്ങിയ നാടകങ്ങള്‍ ഏറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മരമീടന്‍, ത്രാസും കട്ടിയും, ബൊളീവിയ, മാറ്റിവെച്ച തലകള്‍, വെയിലിന്റെ നിറം, ചൂട്ടും കൂറ്റും എന്നീ നാടക സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകനായ രാജ്‌മോഹന്‍ സംഘാടകനും സാംസ്‌കാരികപ്രവര്‍ത്തകനുമാണ്.

More Citizen News - Kasargod