നവീകരിച്ച ടി.എസ്. തിരുമുമ്പ് ഭവനം നാലിന് തുറക്കും

Posted on: 28 Aug 2015ചെറുവത്തൂര്‍: പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനകത്തെ ടി.എസ്.തിരുമുമ്പ് ഭവനം നവീകരിച്ചു. സപ്തംബര്‍ നാലിന് മന്ത്രി കെ.പി.മോഹനന്‍ നവീകരിച്ച കവിഭവനം ഉദ്ഘാടനം ചെയ്യും.
കമ്യൂണിസ്റ്റ്-കര്‍ഷക സംഘം നേതാവും കവിയുമായിരുന്ന സുബ്രഹ്മണ്യന്‍ തിരുമുമ്പ് താമസിച്ച ഭവനവും സ്ഥലവും വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്‍ഷിക സര്‍വകലാശാലയ്ക്ക് കൈമാറിയതാണ്. സര്‍വകലാശാല ഏറ്റെടുത്ത കവിഭവനം കാലിത്തീറ്റ സൂക്ഷിപ്പ് കേന്ദ്രമാക്കി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ കവിഭവനം കാര്‍ഷിക സംസ്‌കാര പഠനകേന്ദ്രമാക്കാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു. സുകുമാര്‍ അഴീക്കോട് കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ തുടര്‍പ്രവര്‍ത്തനം ഒന്നും നടന്നില്ല.
വീണ്ടും പ്രതിഷേധം നാലുഭാഗത്തുനിന്നും ഉയര്‍ന്നുവന്നു. കവിഭവനം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നവിധത്തില്‍ സാംസ്‌കാരിക പഠനകേന്ദ്രമാക്കുന്നതിനുള്ള പ്രോജക്ട് പ്രഭാകരന്‍ കമ്മീഷന്‍ പരിഗണിച്ചു. രണ്ടരകോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ആദ്യഗഡു അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചാണ് കവിഭവനം നവീകരിച്ചത്. നിലവിലുള്ള ഭവനത്തിന് വലിയ മാറ്റം വരുത്താതെ കേടുവന്ന ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുകയും നിലം ടൈല്‍പാകുകയും ചെയ്തു. ചുറ്റുപാടും ആകര്‍ഷണീയമാംവിധം ഇന്റര്‍ ലോക്ക് പാകി. റഫറന്‍സ് ലൈബ്രറി, വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ എന്നിവ നടപ്പിലാക്കും.

More Citizen News - Kasargod