മികച്ച പി.ടി.എ.യ്ക്കുള്ള പുരസ്‌കാരം കക്കാട്ടിനും അരയിക്കും

Posted on: 28 Aug 2015കാഞ്ഞങ്ങാട്: വിദ്യാലയങ്ങളുടെ വികസനത്തില്‍ അധ്യാപക-രക്ഷാകര്‍തൃസമിതിയുടെ മികവ് പരിഗണിച്ച് വിദ്യാഭ്യാസവകുപ്പ് നല്കുന്ന മികച്ച പി.ടി.എ.യ്ക്കുള്ള ജില്ലാതല പുരസ്‌കാരത്തിന് കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും അരയി ഗവ. യു.പി. സ്‌കൂളും അര്‍ഹരായി. സെക്കന്‍ഡറി വിഭാഗത്തിലാണ് മടിക്കൈ പഞ്ചായത്തിലെ കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ മികച്ച പി.ടി.എ. പുരസ്‌കാരജേതാവാണ് കക്കാട്ട് സ്‌കൂള്‍. പി.ടി.എ.യുടെ വിദ്യാലയവികസനവും അനുബന്ധ പ്രവര്‍ത്തനങ്ങളും ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും നേതൃത്വത്തിലുള്ള വിദഗ്ധസമിതി വിലയിരുത്തിയാണ് പുരസ്‌കാരം നല്കുന്നത്. സ്വന്തമായി വായനശാലയുണ്ടെന്ന പ്രത്യേകതയാണ് കക്കാട്ടിനെ മറ്റു സ്‌കൂളുകളില്‍നിന്ന് വിത്യസ്തമാക്കുന്നത്. ഈ വായനശാല ഛായാചിത്രങ്ങള്‍കൊണ്ട് മനോഹരമാണ്. സ്‌കൂളിനടുത്തുള്ള പള്ളം സംരക്ഷിച്ച് മഴവെള്ളസംഭരണിയാക്കി. 60 സെന്റ് സ്ഥലത്ത് നെല്‍ക്കൃഷി, ഞാലിപ്പൂവന്‍ പഴത്തോട്ടം, ജൈവപച്ചക്കറി കൃഷിത്തോട്ടം, കപ്പ, മധുരക്കിഴങ്ങ് കൃഷികള്‍ ഇങ്ങനെ നീളുന്നു സ്‌കൂളിലെ അനുബന്ധപ്രവര്‍ത്തനങ്ങള്‍. വി.രാജനാണ് പി.ടി.എ. പ്രസിഡന്റ്. പ്രിന്‍സിപ്പല്‍ ഡോ. എം.കെ.രാജശേഖരന്‍, പ്രഥമാധ്യാപകന്‍ ഇ.പി.രാജഗോപാലന്‍.
പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന് ദേശീയപുരസ്‌കാരം കിട്ടിയതിന് പിന്നാലെ പി.ടി.എ.ക്ക് അവാര്‍ഡും തേടിയെത്തിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് അരയി സ്‌കൂള്‍. നാടന്‍ പച്ചക്കറിക്കൃഷി, സ്‌കൂള്‍ബ്ലോഗ് എന്നിവയ്ക്ക് ജില്ലാതലത്തില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അരയി ഒരുമയുടെ തിരുമധുരം എന്ന പേരില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതാണ് അരയി ഗവ. സ്‌കൂളിനെ പി.ടി.എ. പുരസ്‌കാരത്തിനര്‍ഹമാക്കിയത്. സാഹിത്യപാഠശാലകള്‍, സ്വീറ്റ് ഇംഗ്ലീഷ് തുടങ്ങി നൂറിലെറെ വിത്യസ്തങ്ങളായ പരിപാടികള്‍ നടത്താന്‍ കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ അരയി സ്‌കൂളിനായി. പി.രാജനാണ് പി.ടി.എ. പ്രസിഡന്റ്. കഴിഞ്ഞ അധ്യയനവര്‍ഷം 100 കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ കുട്ടികളുടെ എണ്ണം 207-ലെത്തി
ഒന്നിന് കണ്ണിവയല്‍ ഗവ. ടി.ടി.ഐ.യില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരവിതരണം നടത്തുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.രാഘവന്‍ അറിയിച്ചു.

More Citizen News - Kasargod