ഓണത്തിരക്കിലമര്‍ന്ന് ഉത്രാടപ്പാച്ചില്‍

Posted on: 28 Aug 2015

കാഞ്ഞങ്ങാട്:
കാലത്ത് ഉറങ്ങിയെഴുന്നേല്ക്കുമ്പോള്‍ത്തന്നെ കനത്തമഴയാണ് കാസര്‍കോട്ടുകാര്‍ കണ്ടത്. പൂരാടംനാളിലെ തിരക്കില്‍ പട്ടണത്തിലവശേഷിച്ച മാലിന്യത്തെ ഒഴുക്കിക്കളഞ്ഞ് മഴ അകന്നു. മഴയ്‌ക്കൊപ്പം നനഞ്ഞുപോയ കച്ചവടക്കാരുടെ മനസ്സില്‍ പൂത്തിരികത്തിച്ച് വെയിലുദിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ നാടൊട്ടുക്കും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമര്‍ന്നു. പട്ടണങ്ങള്‍മുതല്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കവലച്ചന്തകളില്‍വരെ തിരക്കോടുതിരക്ക്. പട്ടണങ്ങളില്‍ നിന്നുതിരിയാന്‍ ഇടമില്ല. പോലീസുകാര്‍ക്കും ഹോംഗാര്‍ഡുകള്‍ക്കും വലിയതിരക്കിനെ നിയന്ത്രിക്കാന്‍പോലുമായില്ല. വസ്ത്രശാലകളിലും പലചരക്കുകടകളിലും ഇലക്ട്രോണിക്‌സ് ഷോപ്പുകളിലും തുടങ്ങി മീന്‍ചന്തകളില്‍വരെ പകലന്തിയോളം ആളുകളുടെ ബാഹുല്യമായിരുന്നു. നാടന്‍ പച്ചക്കറികളും മറുനാടന്‍ പച്ചക്കറികളും മത്സരിച്ചുവില്ക്കുന്ന കാഴ്ചയ്ക്കും ഉത്രാടംനാള്‍ സാക്ഷിയായി. തെരുവുകച്ചവടക്കാരാണ് ഓണക്കാല വിറ്റുവരവില്‍ പാതിയും കൊണ്ടുപോയത്. റോഡരികിലെ സ്ഥലങ്ങള്‍ താര്‍പ്പായവിരിച്ച് വീതിച്ചെടുത്തായിരുന്നു ഇവരുടെ വില്പന. കയറ്റുമതി ജീന്‍സ് മുതല്‍ പുത്തന്‍ ട്രെന്‍ഡ് ബ്രാന്‍ഡുകള്‍വരെ തെരുവുകച്ചവടക്കാര്‍ എത്തിച്ചുനല്കി. മംഗളൂരുവില്‍നിന്നും സുള്ള്യയില്‍നിന്നുമെല്ലാമെത്തിയ മറുനാട്ടുകാരായിരുന്നു തെരുവുകച്ചവടക്കാരിലേറെയും. ഇവിടത്തെ വ്യാപാരികളും ആളുകളൈവച്ച് തെരുവുകച്ചവടം പൊടിപൊടിപ്പിച്ചു. താര്‍പ്പായയില്‍ കൂട്ടിയിട്ട തുണിത്തരങ്ങള്‍ക്കും മറ്റുത്പന്നങ്ങള്‍ക്കുംമുമ്പില്‍ ആളുകള്‍ കൂടിയപ്പോള്‍ വില പാതിയാകുന്നതും ഡിമാന്‍ഡുള്ള സാധനങ്ങള്‍ ഇരട്ടിവിലയ്ക്ക് വില്ക്കുന്ന കച്ചവടതന്ത്രങ്ങളുമെല്ലാം റോഡരികിലെ വിപണിയില്‍ കാണാമായിരുന്നു. തെരുവോരക്കച്ചവടത്തിരക്ക് റോഡിലേക്ക് നീണ്ടപ്പോള്‍ വാഹനങ്ങള്‍ ഇടയ്ക്കിടെ നിര്‍ത്തിയിടേണ്ടിവന്നു. ചെറുസര്‍വീസുകള്‍നടത്താന്‍ ഓട്ടോറിക്ഷകള്‍ക്കുപോലും ബുദ്ധിമുട്ടനുഭവപ്പെട്ടു. ഒരുകിലോമീറ്റര്‍ യാത്രയ്ക്ക് അരമണിക്കൂറിലധികമെടുത്തുള്ള സഞ്ചാരം. ഇതുകാരണം പട്ടണത്തിലങ്ങോട്ടുമിങ്ങോട്ടും സര്‍വീസ് നടത്താന്‍ ഓട്ടോറിക്ഷക്കാരും മടികാട്ടി. വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള തത്രപ്പാടില്‍ ഓട്ടോറിക്ഷകൂടി കിട്ടാതായതോടെ പൊതുജനങ്ങള്‍ ശരിക്കും വലഞ്ഞു.

ഒന്നരക്കോടിയുടെ പൂക്കള്‍ വിറ്റു; ഉത്രാടത്തിന് വില നാലിരട്ടിയായി


കാഞ്ഞങ്ങാട്:
ഉത്രാടപ്പാച്ചിലിനിടെ പൂവില്പനക്കാര്‍ക്കുമുമ്പിലെത്തിയ മലയാളികള്‍ ശരിക്കും ഞെട്ടി. വില തലേന്നാള്‍ പറഞ്ഞതിന്റെ നാലിരട്ടിയായിരിക്കുന്നു. തീരുമാനം ഒരിടത്തുമാത്രമെന്ന് കരുതി പലഭാഗങ്ങളിലെ പൂക്കച്ചവടക്കാര്‍ക്ക് മുമ്പിലെത്തിയപ്പോള്‍ തങ്ങളുടെ ചിന്തയാണ് തെറ്റിയതെന്ന് ആളുകള്‍ക്ക് ബോധ്യപ്പെട്ടു. എല്ലായിടത്തും വിലവിവരപ്പട്ടികവെച്ചതുപോലെയായിരുന്നു പൂക്കളുടെ വില. മറുനാടന്‍ പൂക്കള്‍ക്കൊണ്ട് നാട്ടുകാര്‍ ഓണത്തെ വരവേറ്റപ്പോള്‍ കാസര്‍കോട് ജില്ലയില്‍നിന്നുമാത്രം പൂക്കച്ചവടക്കാര്‍ കൊണ്ടുപോയത് ഒന്നരക്കോടിയാണ്. അതത് മൊത്തവില്പനക്കാര്‍ ഒരാഴ്ച കുഞ്ഞുവില്പനകേന്ദ്രങ്ങളിലെത്തിച്ചപ്പോഴത്തെ വിലകൂട്ടിയാണ് ഈ കണക്ക്. ഉത്രാടംനാളിലെ അധികവിലകൂടി കൂട്ടിയാല്‍ രണ്ടുകോടിയിലധികംവരും ഇതില്‍നിന്നുള്ള വിറ്റുവരവ്.

More Citizen News - Kasargod