മഴക്കാലപൂര്‍വരോഗ നിയന്ത്രണം 37 പഞ്ചായത്തുകള്‍ വിനിയോഗസാക്ഷ്യപത്രം നല്കിയില്ല

Posted on: 28 Aug 2015കാസര്‍കോട്: മഴക്കാലപൂര്‍വരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ 37 ഗ്രാമപ്പഞ്ചായത്തുകള്‍ വിനിയോഗസാക്ഷ്യപത്രം ശുചിത്വമിഷന് നല്കിയില്ല. ജില്ലയിലെ 38 ഗ്രാമപ്പഞ്ചായത്തുകളില്‍ ഒരു പഞ്ചായത്ത് മാത്രമാണ് വാര്‍ഡുതലത്തില്‍ ചെലവഴിച്ച തുകയുടെ കണക്ക് സമര്‍പ്പിച്ചത്. സമര്‍പ്പിക്കാത്ത പഞ്ചായത്തുകള്‍ക്ക് സര്‍ക്കാറില്‍നിന്ന് തുക ലഭിക്കില്ല. കണ്ണൂര്‍ ജില്ലയിലെ 81 ഗ്രാമപ്പഞ്ചായത്തുകളില്‍ 65-ഓളം വിനിയോഗസാക്ഷ്യപത്രം നല്കിക്കഴിഞ്ഞു. 15 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. കാസര്‍കോട് ജില്ലയില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് മാത്രമാണ് വിനിയോഗസാക്ഷ്യപത്രം നല്കിയതെന്ന് ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 17 വാര്‍ഡുകള്‍ക്കായി 1.7 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിനിയോഗസാക്ഷ്യപത്രം നല്കാത്ത പല പഞ്ചായത്തുകളും ആരോഗ്യസേവനപ്രവൃത്തി നടത്തിയിട്ടില്ല എന്നതാണ് വാസ്തവം.
വാര്‍ഡുകളിലെ ശുചീകരണത്തിനും മറ്റുമായി സംസ്ഥാന ശുചിത്വമിഷന്‍ മുന്‍വര്‍ഷങ്ങളില്‍ ഒരുവാര്‍ഡിന് 10,000 രൂപവീതം ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നല്കിയിരുന്നു. എന്നാല്‍, ഈവര്‍ഷം അതില്‍ മാറ്റമുണ്ടായി. പഞ്ചായത്തുകള്‍ തനത് ഫണ്ടില്‍നിന്ന് തുക ആദ്യം ചെലവഴിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഫണ്ട് വിനിയോഗിച്ചതിനുശേഷം വിനിയോഗസാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ശുചിത്വമിഷന്‍ പഞ്ചായത്തിന് തുക നല്കും. ജില്ലയിലെ 776 വാര്‍ഡുകള്‍ക്കുവേണ്ടത് 77.6 ലക്ഷം രൂപയാണ്. കണ്ണൂര്‍ ജില്ലയില്‍ 1,345 വാര്‍ഡുകളിലായി 1.35 കോടി രൂപ വേണം.
ജൂണ്‍, ജുലായ് മാസങ്ങളില്‍ ജനം പനിച്ചുവിറച്ചപ്പോള്‍ വാര്‍ഡുകളില്‍ സംസ്ഥാന ശുചിത്വമിഷന്‍ 10,000 രൂപ നല്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഡങ്കിപ്പനി വര്‍ധിച്ചുവന്നതിനാല്‍ വാര്‍ഡ്തല വിനിയോഗത്തിന് തുക ലഭിക്കാതെ പഞ്ചായത്തുകള്‍ കുഴങ്ങി. അടിയന്തരസാഹചര്യത്തില്‍ പഞ്ചായത്തുകളിലെ തനത് ഫണ്ടില്‍നിന്ന് 10,000 രൂപ വാര്‍ഡുകള്‍ക്ക് നല്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍, പഞ്ചായത്തുകള്‍ അത് പൂര്‍ണമായും നടപ്പാക്കിയില്ല. ആദ്യം ചെലവഴിച്ചാല്‍ പിന്നീട് ഫണ്ട് ലഭിക്കുമോ എന്ന ആശങ്ക പലര്‍ക്കമുണ്ടായി. അതിനാല്‍ പല പഞ്ചായത്തുകളും ആരോഗ്യസേവനത്തിന് തുക ചെലവഴിച്ചതുപോലുമില്ല. ചിലവ കുറച്ച് നടപ്പാക്കി. എന്നാല്‍, ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സാക്ഷ്യപത്രം നല്കിയുമില്ല.
കഴിഞ്ഞവര്‍ഷത്തെ വിനിയോഗസാക്ഷ്യപത്രം നല്കിയ ചില ജില്ലകളിലെ നഗരസഭകളില്‍ ശുചിത്വമിഷന്‍ നേരത്തേ തുക നല്കിയിരുന്നു. എന്നാല്‍, ഡങ്കിപ്പനി ബാധിതരുള്ള കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഒഴികെയുള്ള രണ്ട് നഗരസഭകളില്‍ ഈ തുക ഇപ്പോഴാണ് ലഭിച്ചത്. കാഞ്ഞങ്ങാട് നഗരസഭക്ക് 4.18 ലക്ഷം രൂപയാണ് ശുചിത്വമിഷന്‍ നല്കിയത്. കാസര്‍കോടിന് 3.8 ലക്ഷവും നീലേശ്വരം നഗരസഭക്ക് 3.20 ലക്ഷം രൂപയും നല്കി.

More Citizen News - Kasargod