വിജിലന്‍സ് പരിശോധന: വിശദീകരണവുമായി പഞ്ചായത്തധികൃതര്‍

Posted on: 27 Aug 2015പുത്തിഗെ: പഞ്ചായത്തോഫീസില്‍ കഴിഞ്ഞയാഴ്ചനടന്ന വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്ത്. നിര്‍മാണപ്രവൃത്തിയിലെ ടെന്‍ഡര്‍തുകയില്‍ തിരിമറി നടത്തിയെന്ന പരാതിയിലായിരുന്നു വിജിലന്‍സ് പരിശോധന. പഞ്ചായത്ത് മിനുട്‌സ്ബുക്കിലോ രേഖകളിലോ ഒരു കൃത്രിമവും നടന്നിട്ടില്ലെന്നും ഭരണസമിതി അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലും എല്ലാ മേഖലകളിലും മാതൃകാഭരണം കാഴ്ചവെച്ച പുത്തിഗെ പഞ്ചായത്തിനെ താറടിച്ച് കാണിക്കാനാണ് പരാതിയെന്നും ഭരണസമിതിയോഗം വിലയിരുത്തി. വിജിലന്‍സ് പരിശോധനയില്‍ അഞ്ചോളം ഫയലുകള്‍ പിടിച്ചെടുക്കുകയും പഞ്ചായത്തിന് 1,69,656 രൂപ നഷ്ടം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. 2012-13 വര്‍ഷത്തില്‍ ഓഡിറ്റില്‍ ഫണ്ട്‌നഷ്ടം സംഭവിച്ചതായി മനസ്സിലാവുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥരോട് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുകയുംചെയ്തിരുന്നു. ഈ നഷ്ടത്തില്‍ പഞ്ചായത്ത് ഭരണസമിതിക്ക് ഉത്തരവാദിത്തമില്ല.
എങ്കിലും, പഞ്ചായത്തിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാന്‍ പ്രസിഡന്റിന്റെ ഇടപെടല്‍മൂലം ട്രഷറിയില്‍ പണം തിരിച്ചടച്ചതായി കാണിച്ച് അസി. എന്‍ജിനീയര്‍ മറുപടി നല്കിയിട്ടുണ്ട്. ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് പി.എ.ചനിയ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജയന്ത പട്ടാളി, റാബിയ ഇസ്മായില്‍, ഹരിണി ജി.കെ. നായ്ക്, സുജാത എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod