മണ്ണ് ചതിച്ചില്ല; കുഞ്ഞിക്കണ്ണനും സുഹൃത്തുക്കള്‍ക്കും സമൃദ്ധിയുടെ ഓണം

Posted on: 27 Aug 2015പെരിയ: തൂമ്പയുടെ വഴക്കവും മണ്ണിന്റെ നന്മയും അനുഭവിച്ചറിഞ്ഞ കുഞ്ഞിക്കണ്ണന്‍ കൂട്ടുകാര്‍ക്ക് പഠിപ്പിച്ച് കൊടുത്തത് കൃഷിയുടെ നല്ലപാഠങ്ങള്‍. ജീവിതത്തില്‍ ആദ്യമായി മണ്ണില്‍ കൃഷിയിറക്കി വിജയിപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് കൂടാനം മഠത്തിലെ നവഭാവന പുരുഷ സ്വയംസഹായ സംഘത്തിലെ യുവാക്കള്‍. ഇതര തൊഴിലുകളില്‍ ഏര്‍പ്പെടുന്ന കൂട്ടുകാര്‍ക്ക് പ്രദേശത്തെ കര്‍ഷകനായ കുഞ്ഞിക്കണ്ണനാണ് പച്ചക്കറിക്കൃഷിയിറക്കാന്‍ ധൈര്യംനല്കിയത്. കൂടാനത്തെ കുന്നിന്‍പ്രദേശത്തെ ഒന്നരഏക്കര്‍ സ്ഥലമാണ് അവര്‍ അതിനായി കണ്ടെത്തിയത്. സംഘത്തിന്റെ പ്രവര്‍ത്തകരായ സത്യന്‍, ഉണ്ണിക്കൃഷ്ണന്‍, വിനോദ്, മധു എന്നിവരാണ് മണ്ണിനെ അറിഞ്ഞ് കൃഷിയിറക്കാന്‍ കുഞ്ഞിക്കണ്ണന് കൂട്ടായത്. തികച്ചും ജൈവരീതിയില്‍മാത്രം പരിപാലനംനടത്തിയ 'സുഹൃദ്‌സംഘം' നനുമ്പനും പാവയ്ക്കയും മാത്രമാണ് കൃഷിചെയ്തത്.
യുവാക്കള്‍ക്ക് പ്രോത്സാഹനമേകാന്‍ വി.എഫ്.പി.സി.െക.യും കൃഷിഉദ്യോഗസ്ഥരും വി.ഇ.ഒ. ഉള്‍പ്പെടെയുള്ളവരും എത്തിയിരുന്നു. ഓണവിപണിയിലേയ്ക്ക് വിളവെടുക്കാനായതോടെ കൈനിറയെ പണവും ലഭിച്ചു. മണ്ണിനെ വിശ്വസിച്ച് കൃഷിയിറക്കിയ യുവാക്കള്‍ക്ക് ഇത്തവണ ഓണം സമൃദ്ധമായതിന്റെ ആഹ്ലാദമാണ്. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. വി.ഇ.ഒ. ബിജു, കെ.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod