മംഗല്‍പാടിയില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ലീഗ്‌

Posted on: 27 Aug 2015മഞ്ചേശ്വരം: കാസര്‍കോട് താലൂക്കില്‍ മഞ്ചേശ്വരം ബ്ലോക്കിന്റെ ഭാഗമാണ് മംഗല്‍പാടി പഞ്ചായത്ത്. ബ്രിട്ടീഷ് ഭരണകാലത്ത് മദിരാശി സംസ്ഥാനത്തിന്റെയും സ്വാതന്ത്ര്യാനന്തരം ദക്ഷിണ കാനറ ജില്ലയുടെയും ഭാഗമായിരുന്നു ഈ പ്രദേശം. 1964-ലാണ് പഞ്ചായത്ത് രൂപവത്കരിച്ചത്. മംഗല്‍പാടിയുടെ ഭൂരിഭാഗവും തീരദേശമേഖലയാണ്. മത്സ്യബന്ധനവും കൃഷിയുമാണ് ജനങ്ങളുടെ പ്രധാന തൊഴില്‍. തെങ്ങ്, കവുങ്ങ്, നെല്ല്, കശുമാവ് എന്നിവ പ്രധാന കാര്‍ഷികവിളകള്‍. തുടക്കം മുതലേ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് മംഗല്‍പാടി പഞ്ചായത്ത്. അടിസ്ഥാന സൗകര്യമൊരുക്കി സമഗ്രവികസനം നടപ്പാക്കിയെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാല്‍, കൃഷിക്കാരെയും സാധാരണക്കാരെയും പാടേ അവഗണിച്ച ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷവും വാദിക്കുന്നു.
ചട്ടം ലംഘിച്ച് കെട്ടിടനിര്‍മാണത്തിന് അനുമതി നല്കിയതിനെത്തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതും ഭരണസമിതിക്കെതിരെയുയര്‍ന്ന അഴിമതി ആരോപണവും വിജിലന്‍സ് അന്വേഷണവുമെല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകും.
സമഗ്രവികസനം നടപ്പാക്കി
-ആയിഷത്ത് താഹിറ (പ്രസിഡന്റ്, മംഗല്‍പാടി പഞ്ചായത്ത്)
* കൊടിബയലില്‍ 1.25 കോടി രൂപ ചെലവില്‍ മലിനജലപ്ലാന്റ് സ്ഥാപിച്ചു.
* കുബണൂരില്‍ മാലിന്യ റീസൈക്ലിങ് യൂണിറ്റ്.
* ഒമ്പതുലക്ഷം രൂപ ചെലവഴിച്ച് ശാന്തിമൂല എസ്.സി. കോളനിയില്‍ കുടിവെള്ളപദ്ധതി നടപ്പാക്കി.
* പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സോളാര്‍പദ്ധതി നടപ്പാക്കി.
* നിര്‍ധനകുടുംബങ്ങള്‍ക്കും വിധവകള്‍ക്കും വീട് നല്കി.
* കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തു.
* അഗര്‍ത്തിമൂല അങ്കണവാടി പണി പൂര്‍ത്തീകരിച്ചു.
* ഷിറിയ അങ്കണവാടി നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചു.
* മൂസോടി ജി.എല്‍.പി. സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍ 45 ലക്ഷം രൂപ അനുവദിച്ചു.
പദ്ധതികള്‍ നടപ്പാക്കാനായില്ല
-പുഷ്പരാജ് (പ്രതിപക്ഷ നേതാവ്, ബി.ജെ.പി.)
* ജനങ്ങള്‍ക്ക് പഞ്ചായത്ത് സേവനം കൃത്യസമയത്ത് ലഭിക്കുന്നില്ല.
* പ്രധാന ടൗണായ ഉപ്പളയിലടക്കം മാലിന്യം കെട്ടിക്കിടക്കുന്നു.
* മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിച്ചില്ല.
* കാര്‍ഷികമേഖല പാടെ തകര്‍ന്നു.
* പല വാര്‍ഡുകളിലെയും കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമില്ല.
* ഓവുചാലുകള്‍ നിര്‍മിക്കാത്തതിനാല്‍ റോഡുകള്‍ തകര്‍ന്നു.
* മാലിന്യസംസ്‌കരണം ഫലപ്രദമായില്ല.
* തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല.
വാര്‍ഡുകള്‍:
23
ജനസംഖ്യ: 37,565
വിസ്തീര്‍ണം: 36.3 ച.കി.മീ.
കക്ഷിനില
മുസ്ലിം ലീഗ്-14
ബി.ജെ.പി.-5
സ്വതന്ത്രര്‍-2
സി.പി.എം.-2

More Citizen News - Kasargod