കരിന്തളം കെ.സി.സി.പി. തൊഴിലാളികള്‍ കളക്ടറേറ്റിലേക്ക് പട്ടിണിമാര്‍ച്ച് നടത്തി

Posted on: 27 Aug 2015കാസര്‍കോട്: പരിസ്ഥിതിപ്രശ്‌നത്തെത്തുടര്‍ന്ന് പൂട്ടിയിട്ടിരിക്കുന്ന കരിന്തളം കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രൊഡക്ട്‌സിലെ (കെ.സി.സി.പി.) തൊഴിലാളികള്‍ കളക്ടറേറ്റിലേക്ക് പട്ടിണിമാര്‍ച്ച് നടത്തി. മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും തര്‍ക്കങ്ങളില്‍ പരിഹാരംകാണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്ത്രീകളടക്കമുള്ള തൊഴിലാളികളുടെ മാര്‍ച്ച്. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.നാരായണന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു.
കെ.സി.സി.പി.യിലെ തൊഴിലാളികള്‍ക്ക് ഏഴുമാസമായി തൊഴില്‍ നിഷേധിച്ച ജനകീയസമിതി ശമ്പളം ലഭിക്കാത്തപ്പോള്‍ മൗനംപാലിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലാളികള്‍ക്ക് തൊഴിലും കൂലിയും നല്കാന്‍ ബാധ്യസ്ഥരാണ് തങ്ങളെന്ന് ആണയിട്ട ജനകീയസമിതി സമരക്കാര്‍ ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ദേശീയപണിമുടക്കിലെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് 'പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കരുത്, നശിപ്പിക്കരുത്' എന്നാണ്. പേരിനുമാത്രം പൊതുമേഖലാസ്ഥാപനങ്ങളുള്ള കാസര്‍കോട്, കെ.സി.സി.പി.യിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും തൊഴില്‍ചെയ്യാന്‍ അവസരമുണ്ടാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ഐ.എന്‍.ടി.യു.സി. നീലേശ്വരം യൂണിറ്റ് സെക്രട്ടറി ടി.രമേശന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി പി.രാഘവന്‍, ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് സെബാസ്റ്റ്യന്‍, സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍, വി.വി.പ്രസന്നകുമാരി, കെ.വി.കുഞ്ഞിക്കൃഷ്ണന്‍, കെ.കുഞ്ഞിക്കൃഷ്ണന്‍, ഐ.വി.ശിവരാമന്‍, വി.കെ.രാജീവന്‍, എം.കുഞ്ഞമ്പു, എ.മാധവന്‍, പി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കെ.സി.സി.പി.യുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പാപ്പിനിശ്ശേരി ഹെഡ് ഓഫീസിനുമുന്നില്‍ തിരുവോണനാളില്‍ ജീവനക്കാര്‍ പട്ടിണിസമരംകിടക്കും. സി.ഐ.ടി.യു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും.

More Citizen News - Kasargod