അയല്‍വീട്ടിലെ ശുചിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് തടവും പിഴയും ശിക്ഷ

Posted on: 26 Aug 2015
മംഗളൂരു:
അയല്‍വീട്ടിലെ ശുചിമുറിയില്‍ ഒളിഞ്ഞുനോക്കിയ യുവാവിനെ കോടതി ശിക്ഷിച്ചു. ഉള്ളാള്‍ സ്വദേശി നിസാറി(21)നെയാണ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഒരുകൊല്ലത്തെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആറുമാസത്തെ തടവ് കൂടുതല്‍ അനുഭവിക്കണമെന്നാണ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മഞ്ജുള ശിവപ്പയുടെ വിധി.
നിസാറിന്റെ അയല്‍വാസിയായ ഇരുപത്തിയാറുകാരിയാണ് പരാതി നല്‍കിയത്. യുവതി കുളിക്കുന്നത് ജനാലപ്പഴുതിലൂടെ നിസാര്‍ നോക്കിയതായാണ് പരാതി. നിസാറിന്റെ കീശയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിച്ചതാണ് യുവതിയുടെ ശ്രദ്ധ ഒളിഞ്ഞുനോട്ടക്കാരനില്‍ എത്തിച്ചത്. 2013 സപ്തംബര്‍ 14-ന് യുവതി നല്‍കിയ പരാതിയില്‍ ഉള്ളാള്‍ സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. യുവതിയുടെയും ദൃക്‌സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ടര്‍ മോഹന്‍കുമാര്‍ കോടതി മുമ്പാകെ കുറ്റം തെളിയിച്ചു.
സദാചാരപോലീസ് ചമഞ്ഞ് അക്രമം;
15 പേര്‍ അറസ്റ്റില്‍
മംഗളൂരു:
യുവതിയെ കാറില്‍ കടത്താന്‍ ശ്രമമെന്ന് ആരോപിച്ച് യുവാവിനെ റോഡരികില്‍ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് സദാചാരപോലീസ് ചമഞ്ഞ 15 പേരെ പോലീസ് അറസ്റ്റ്ുചെയ്തു. അത്താവറില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരെയാണ് ഒരുകൂട്ടമാളുകള്‍ കാറില്‍നിന്ന് പിടിച്ചിറക്കി തൂണില്‍ കെട്ടിയിട്ടത്. അതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി.
വ്യത്യസ്തമതവിഭാഗത്തില്‍പ്പെട്ട യുവാവിനെയും യുവതിയെയും തടഞ്ഞുവെച്ചത് സംഘപരിവാര്‍ സംഘടനയില്‍പ്പെട്ടവരാണെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി യുവാവിനെ ജനക്കൂട്ടത്തില്‍നിന്ന് മോചിപ്പിച്ചു. യുവാവ് ഉടനെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സതേടി.
സംഭവവുമായി ബന്ധപ്പെട്ട നാലുപേരെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ അറസ്റ്റുചെയ്തത്. ജീവനക്കാരിക്ക് പണം നല്‍കാന്‍ എത്തിയപ്പോള്‍ കാറില്‍നിന്ന് പിടിച്ചിറക്കി തൂണില്‍ കെട്ടിയിട്ടതായാണ് പരാതി. പണം ചോദിച്ച് ഫോണില്‍ വിളിച്ചുവരുത്തി മകനെ മനഃപൂര്‍വം ആരോ കുടുക്കിയതാണെന്നാണ് യുവാവിന്റെ പിതാവ് പരാതിപ്പെട്ടത്. എന്നാല്‍ യുവാവ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതി നല്‍കിയത് പോലീസിന് തലവേദനയായി.

More Citizen News - Kasargod