ഓര്‍മപ്പെടുത്തലായി ചിങ്ങക്കളം വരയ്ക്കല്‍

Posted on: 26 Aug 2015പൊയിനാച്ചി: പഴമയുടെ ഓര്‍മപ്പെടുത്തലുമായി ഓണത്തിന് ചിങ്ങക്കളം വരയ്ക്കല്‍. ഗൃഹാതുരത്വമുണര്‍ത്തിയ പരിപാടിക്ക് മത്സരസ്വഭാവം വന്നപ്പോള്‍ ന്യൂജനറേഷനും പങ്കെടുക്കാന്‍ ആവേശം.
മുന്നാട് പീപ്പിള്‍സ് സഹ. കോളേജ് എന്‍.എന്‍.എസ്. യൂണിറ്റാണ് ഓണാഘോഷഭാഗമായി വേറിട്ട മത്സരം നടത്തിയത്.
പഴയകാലത്ത് വടക്കേമലബാറില്‍ ചിങ്ങമാസം പിറന്നാല്‍ ചിങ്ങക്കളം വരയ്ക്കുന്ന പതിവുണ്ടായിരുന്നു. മുറ്റത്തും പൂജാമുറിയിലും ഭസ്മമോ വെളുത്ത ചേടിമണ്ണോ വെള്ളത്തില്‍ ചാലിച്ച് വെള്ളത്തുണി കൊണ്ടു നീണ്ട തിരിയുണ്ടാക്കി കളം വരയ്ക്കുന്നതായിരുന്നു രീതി. ചാണകം മെഴുകി വൃത്തിയാക്കിയ നിലത്ത് ചിങ്ങക്കളം തെളിഞ്ഞുവരുമ്പോള്‍ ഉണ്ടാവുന്ന ചാരുത ഒന്നു വേറെതന്നെ. പുതുമോടിയില്‍ എല്ലാം വിസ്മരിക്കപ്പെട്ടപ്പോള്‍ പഴയ നാട്ടുരീതി പരിചയപ്പെടുത്താനാണ് കോളേജില്‍ ചിങ്ങക്കളമത്സരം സംഘടിപ്പിച്ചത്. രണ്ടുപേരടങ്ങുന്ന 10 ടീമുകളാണ് കളം വരച്ചത്. ടി.സനല്‍കുമാറും അമൃതലാലും ചേര്‍ന്ന് ഒന്നാംസ്ഥാനം നേടി.
കെ.വര്‍ണന, പി.ഷിജിന എന്നിവര്‍ രണ്ടാംസ്ഥാനവും കെ.ശ്രീജ, റുബീന എന്നിവര്‍ മൂന്നാംസ്ഥാനവും നേടി. പ്രിന്‍സിപ്പല്‍ ഡോ. സി.കെ.ലൂക്കോസ് പരിപാടി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസര്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സി.സുധ, വോളന്റിയര്‍ സെക്രട്ടറിമാരായ എം.പ്രിയേഷ്‌കുമാര്‍, സി.രേഷ്മ, കെ.പി.സുകൃത, എം.റോഷിത് എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod