സമഗ്രാരോഗ്യ വിവരശേഖരണ സോഫ്‌റ്റ്വെയര്‍ 'സുഗമം' പദ്ധതി ഇന്ന് സമര്‍പ്പിക്കും

Posted on: 26 Aug 2015തൃക്കരിപ്പൂര്‍: പഞ്ചായത്തിലെ ഓരോ കുടുംബത്തിന്റെയും സ്ഥിതിവിവരക്കണക്കുകള്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന സമഗ്രാരോഗ്യ വിവരശേഖരണ സോഫ്‌റ്റ്വെയര്‍ 'സുഗമം' ബുധനാഴ്ച രാവിലെ 10.30ന് കാസര്‍കോട് ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാര്‍ നാടിന് സമര്‍പ്പിക്കും. ഉടുമ്പുന്തല പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അധ്യക്ഷത വഹിക്കും.
ജനങ്ങളുടെ സമഗ്രാരോഗ്യം മുന്നില്‍ക്കണ്ട് നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തുതന്നെ ആദ്യത്തേതാണ്. ഗ്രാമപ്പഞ്ചായത്തിലെ ഓരോ കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമാകുന്ന ആരോഗ്യശുചിത്വവികസനം ലക്ഷ്യമിട്ടാണ് സോഫ്‌റ്റ്വെയര്‍ രൂപകല്പന ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ ഓരോ കുടുംബത്തിന്റെയും സ്ഥിതി വിവരക്കണക്കുകള്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ലഭിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
വീടിന്റെ സ്ഥിതി, കുടിവെള്ളസ്രോതസ്സിന്റെ നിലവിലുള്ള സ്ഥിതിവിവരങ്ങള്‍, കക്കൂസ്, സാനിറ്ററി ലാട്രിന്‍ എന്നിവയുടെ വിവരങ്ങള്‍, വീടുകളിലെയും സ്ഥാപനങ്ങളിലെയും ഖര-ദ്രവമാലിന്യ സംസ്‌കരണങ്ങളുടെ സ്ഥിതി, തൊഴുത്ത്, കോഴിഫാം തുടങ്ങിയവയുടെ വിവരങ്ങള്‍, വിധവകള്‍, വിധവാപെന്‍ഷന്‍ ലഭിക്കുന്നവരുടെ എണ്ണം, വാര്‍ധക്യപെന്‍ഷന്‍, വികലാംഗപെന്‍ഷന്‍, കാര്‍ഷിക പെന്‍ഷന്‍ തുടങ്ങി പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന എല്ലാ പെന്‍ഷനുകളുടെയും വിവരണങ്ങള്‍, വിദ്യാഭ്യാസനിലവാരം, തൊഴില്‍നിലവാരം എന്നിവ ലഭിക്കുന്നു. കൂടാതെ, വിവിധ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചവരുടെ വിവരം, കുട്ടികളുടെ രോഗപ്രതിരോധ കുത്തിവെപ്പുകളുടെ സ്ഥിതിവിവരക്കണക്കുകള്‍, ജീവിതശൈലീരോഗങ്ങളുടെ വിവരങ്ങള്‍, ജീവിതത്തിലെ ദുശ്ശീലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അന്യസംസ്ഥാന തൊഴിലാളികളുടെ വിവരണം എന്നിവ ഒരു വിരല്‍ത്തുമ്പിലെത്തിക്കാനാണ് ഈ സോഫ്‌റ്റ്വെയര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ സ്തുത്യര്‍ഹമായ സോഫ്‌റ്റ്വെയര്‍ കൊണ്ട് പഞ്ചായത്തിലെ സമഗ്ര ആരോഗ്യവികസനം ഉയര്‍ത്തിക്കൊണ്ടുവന്ന് മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ ശുചിത്വപരിപാലനം ഉറപ്പുവരുത്താന്‍ സാധിക്കുന്നു. ആദ്യപടി എന്നരീതിയില്‍ ബീരിച്ചേരി വാര്‍ഡില്‍ സര്‍വേ പൂര്‍ത്തീകരിക്കുകയും ശേഖരിച്ച വിവരങ്ങള്‍ സോഫ്‌റ്റ്വെയറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായി ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ അഡ്വ. എം.ടി.പി.കരീം അറിയിച്ചു.

More Citizen News - Kasargod