ഗള്‍ഫ് വ്യവസായിയെ വെട്ടിയ സംഭവം; പോലീസ് അന്വേഷണം ശക്തമാക്കി

Posted on: 26 Aug 2015മഞ്ചേശ്വരം: ഗള്‍ഫ് വ്യവസായി മൊറത്തണയിലെ മുഹമ്മദ് ഹനീഫ (39)യെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കടമ്പാറിലെ യുവാവിന്റെ വീട്ടില്‍ കര്‍ണാടക പോലീസ് പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പോലീസ് കടമ്പാറിലെ യുവാവിന്റെ വീട്ടിലെത്തിയത്. വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ തുറന്നില്ല. തുടര്‍ന്ന് മഞ്ചേശ്വരം പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ യുവാവിനെ കണ്ടെത്താനായില്ല. മംഗളുരുവിലെ ആസ്​പത്രിയില്‍ കഴിയുന്ന ഹനീഫയില്‍നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. മുന്‍ വൈരാഗ്യം കാരണം കടമ്പാര്‍ സ്വദേശി ക്വട്ടേഷന്‍ നല്കിയ സംഘമാണ് ആക്രമിച്ചതെന്നാണ് ഹനീഫയുടെ പരാതി. ഞായറാഴ്ച വൈകുന്നേരമാണ് മംഗലാപുരത്തുവെച്ച് മൂന്നംഗസംഘം ഹനീഫയെ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്പിച്ചത്. കേസിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

More Citizen News - Kasargod