എച്ച്.ഐ.വി. ബാധിതര്‍ക്ക് നാലുമാസമായി പോഷകാഹാരമില്ല

Posted on: 26 Aug 2015കാസര്‍കോട്: പ്രതിമാസം 15 കിലോ അരിയും ഒന്നരക്കിലോവീതം പയറും കടലയും. എച്ച്.ഐ.വി. ബാധിതര്‍ക്ക് ആരോഗ്യവകുപ്പിന്റെ പദ്ധതിപ്രകാരം നല്‍കുന്ന പോഷകാഹരത്തിന്റെ കണക്കാണിത്. എന്നാല്‍, കഴിഞ്ഞ നാലുമാസമായി കാസര്‍കോട്ടെ എച്ച്.ഐ.വി. ബാധിതര്‍ക്ക് അര്‍ഹതപ്പെട്ട പോഷകാഹാര കിറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചുവരെ മുടക്കം തട്ടാതെ ലഭിച്ചിരുന്നെങ്കിലും നിര്‍വഹണ ഉദ്യോഗസ്ഥന്‍ മാറിയശേഷമാണ് പോഷകാഹരങ്ങള്‍ നിലച്ചതെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സന്നദ്ധസംഘടനകള്‍ പരാതിപ്പെടുന്നു. അതേസമയം കിറ്റുകള്‍ കാഞ്ഞങ്ങാട്ടെയും കാസര്‍കോട്ടെയും സപ്ലൈകോ ഡിപ്പോകളില്‍ പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറായിട്ടുണ്ടെന്നും വിതരണത്തിനനുയോജ്യമായ തീയതി ബന്ധപ്പെട്ട സൊസൈറ്റികള്‍ അറിയിക്കാത്തതിനാലാണ് വൈകുന്നതെന്ന് അധികൃതര്‍ പറയുന്നു.

കെ.ഡി.എന്‍.സി. പ്ലസ് കാസര്‍കോട്-166, കാഞ്ഞങ്ങാട്-108, എന്‍.വൈ.കെ.കുമ്പള-70, ഐ.എ.ഡി. ഹോപ് കാസര്‍കോട്-21 എന്നിങ്ങനെ ജില്ലയില്‍ 365 എച്ച്.ഐ.വി. ബാധിതരാണ് നിലവില്‍ പോഷകാഹാരം കൈപ്പറ്റുന്നവര്‍. ഇവര്‍ക്കാണ് മാര്‍ച്ച് മാസത്തിനുശേഷം കിറ്റുകള്‍ ലഭിക്കാതിരിക്കുന്നത്. നേരത്തേ പത്ത് വര്‍ഷം ജില്ലാപഞ്ചായത്ത് സെക്രട്ടറിയായിരുന്നു പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍. ഈ സാമ്പത്തിക വര്‍ഷം മുതല്‍ ആരോഗ്യവകുപ്പിന്റെ പ്രതിനിധിക്കാണ് ചുമതല.

നേരത്തേ ജില്ലാ പഞ്ചായത്തില്‍നിന്ന് സപ്ലൈകോയിലേക്ക് നല്‍കുന്ന ഓര്‍ഡര്‍ പ്രകാരം പാക്ക്‌ചെയ്ത സാധനങ്ങള്‍ സൊസൈറ്റികളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍ മാറിയതോടെ വിതരണരീതിയിലും മാറ്റം വന്നു. അതത് പ്രദേശങ്ങളിലെ മാവേലി സ്റ്റോറുകളില്‍ നിന്ന് ടോക്കണ്‍ കൊടുത്ത് പോഷകാഹാരങ്ങള്‍ വാങ്ങണമെന്നായിരുന്നു ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് എച്ച്.ഐ.വി. ബാധിതരായ ആളുകളെ സമൂഹത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തുല്യമാകുന്നതാണെന്ന് ചൂണ്ടിക്കാട്ടി സൊസൈറ്റികള്‍ പിന്‍വലിയുകയായിരുന്നു.

എന്നാല്‍, എല്ലാ സൊസൈറ്റികള്‍ക്കും പോഷകാഹാരം വിതരണത്തിന് തയ്യാറായതായി അറിയിച്ചിട്ടുണ്ടെന്നും സപ്ലൈകോ ഡിപ്പോയില്‍ വന്ന സാധനങ്ങള്‍ കൈപ്പറ്റുന്നതിന് സൊസൈറ്റികള്‍ വിമുഖത കാണിക്കുന്നതാണ് പ്രശ്‌നമെന്നും ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് സൊസൈറ്റികള്‍ക്ക് ആഗസ്ത് 19-ന് കത്തയച്ചിരുെന്നങ്കിലും അനുയോജ്യമായ തീയതി അറിയിച്ചിട്ടുള്ള മറുപടി ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പാക്കറ്റിലാക്കി ദിവസങ്ങള്‍ കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കേടാകുന്ന അവസ്ഥയിലാണെന്നും അധികൃതര്‍ പറഞ്ഞു.

More Citizen News - Kasargod