സൂക്ഷ്മപരിശോധനയില്ല; ജാതിസംവരണം മറയാക്കി അനര്‍ഹര്‍ സര്‍ക്കാര്‍ജോലി നേടുന്നു

Posted on: 26 Aug 2015


ദിനകരന്‍ കൊമ്പിലാത്ത്കണ്ണൂര്‍: അനര്‍ഹമായി ജാതിസംവരണംനേടുന്നതിലൂടെ ഒട്ടേറെപേര്‍ പി.എസ്.സി. വഴി ജോലിനേടുന്നതായി ആക്ഷേപം.
മിശ്രവിവാഹിതരുടെയും മറ്റും ജാതിസര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മപരിശോധന നടത്തണമെന്ന നിയമസഭയുടെ പട്ടികജാതിക്ഷേമസമിതിയുടെയും കിര്‍ത്താഡ്‌സിന്റെയും നിര്‍ദേശം നടപ്പാകാത്തതിനാലാണ് തട്ടിപ്പിന് അവസരമൊരുങ്ങുന്നത്. അര്‍ഹതയുള്ള പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ലഭിക്കേണ്ട അവസരങ്ങളാണ് ഇതുവഴി ഇല്ലാതാവുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആയിരത്തിലേറെ കേസുകളാണ് കിര്‍ത്താഡ്‌സിന്റെ പരിഗണനയില്‍ വന്നത്. മിശ്രവിവാഹിതരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസാനൂകൂല്യങ്ങളും നിയമംതെറ്റിച്ച് അനര്‍ഹര്‍ തട്ടിയെടുക്കുന്നത് വ്യാപകമാണെന്ന് ഇത് തെളിയിക്കുന്നു.
അതേസമയം, മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനപരീക്ഷയിലും മറ്റും ഇത്തരം ജാതിസര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനാല്‍ അവിടെ തട്ടിപ്പ് കുറവാണ്.
പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിച്ച മിശ്രവിവാഹ ദമ്പതിമാരുടെ മക്കള്‍ക്ക് ജാതിസംവരണത്തിന് അര്‍ഹതയുണ്ട്. അതേസമയം, അപേക്ഷകര്‍ വളരുന്ന ജീവിതസാഹചര്യങ്ങള്‍ പരിശോധിച്ചു മാത്രമേ സംവരണം നല്കാവൂ എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ആ നിലയില്‍ ഇപ്പോള്‍ ജോലി ലഭിച്ച പലര്‍ക്കും സംവരണത്തിന് അര്‍ഹതയില്ല. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്നനിലയില്‍ ജീവിക്കുന്ന മിശ്രവിവാഹിത ദമ്പതിമാരുടെ മക്കള്‍ക്ക് ജാതിപരിഗണന വെച്ചുകൊണ്ട് സംവരണത്തിന് അര്‍ഹതയില്ല എന്നതാണ് നിയമം.
സംവരണവിഭാഗത്തില്‍ മിശ്രവിവാഹിതരുടെ മക്കള്‍ 75 ശതമാനം സീറ്റുകള്‍ കൊണ്ടുപോകുന്നു. ഇതില്‍ 99 ശതമാനവും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മക്കളാണ്. പി.എസ്.സി. ഇക്കാര്യം പരിശോധിക്കുകയോ പരിഗണിക്കുയോ ചെയ്യുന്നില്ല.
സംവരണത്തിനര്‍ഹരായ ജാതിവിഭാഗങ്ങളെക്കുറിച്ച് ഇപ്പോഴും വില്ലേജ് ഓഫീസ് തലംമുതലേ ആശയക്കുഴപ്പമുണ്ട്. യഥാര്‍ഥചിത്രം നല്കുന്നതില്‍ സര്‍ക്കാറിനും വീഴ്ചയുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പട്ടികജാതി സംവരണാര്‍ഹത ഇല്ലാത്തവര്‍ തഹസില്‍ദാര്‍മാരുടെയും മറ്റും അറിവില്ലായ്മയും അനാസ്ഥയും കൊണ്ട് സംവരണംനേടിയിട്ടുണ്ട്. എന്നാല്‍, പരാതി ഉയര്‍ന്നിട്ടും അന്വേഷണത്തില്‍ അര്‍ഹത ബോധ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
തെറ്റായി സംവരണാനുകൂല്യത്തില്‍ ജോലിതേടിയാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ഇതുവരെനേടിയ ആനൂകൂല്യം തിരിച്ചുപിടിക്കുകയും വേണമെന്നാണ് നിയമം. ഒപ്പം പിഴശിക്ഷയും ലഭിക്കാം. പക്ഷേ, പലരും കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി ജോലിതുടരുകയാണ്. അതേസമയം സംസ്ഥാനത്തെ ഒരു ഐ.പി.എസ്. കാറ്റഗറിയിലുള്ള ഒരാള്‍ തെറ്റായ സര്‍ട്ടിഫിക്കറ്റ് നല്കി ജോലിനേടിയതാണെന്ന് കിര്‍ത്താഡ്‌സ് കണ്ടെത്തിയിട്ടും വിരമിച്ചശേഷം അയാള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്.
പട്ടികജാതിസംവരണത്തിന് അര്‍ഹരല്ലാത്ത 'മൊഗയര്‍' വിഭാഗം 'മോഗര്‍' വിഭാഗമെന്നുകാണിച്ച് സംവരണംനേടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍, വടകര, തലശ്ശേരി താലൂക്കുകളിലെ ഒമ്പത് തറവാട്ടുകാരുടെ മോഗര്‍ അവകാശവാദം തെറ്റാണെന്ന് കിര്‍ത്താഡ്‌സ് കണ്ടെത്തിയിട്ടുണ്ട്. വയനാട്ടില്‍ മാത്രമുള്ള പട്ടികവിഭാഗക്കാരായ അടിയാന്റെ പേരില്‍ കണ്ണൂര്‍ജില്ലയിലെ പട്ടികജാതിക്കാരല്ലാത്ത അടിയന്‍ വിഭാഗക്കാര്‍ സംവരണംനേടുന്നതായും ആക്ഷേപമുണ്ട്. അന്യസംസ്ഥാനത്തുനിന്ന് കുടിയേറിയവര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പലതും അനര്‍ഹമാണ്. 1950-ന് മുമ്പ് കുടിയേറിയവര്‍ക്കാണ് സംവരണം.

More Citizen News - Kasargod