അനധികൃതപാര്‍ക്കിങ്ങും വഴിയോരക്കച്ചവടവും; ചെറുവത്തൂരില്‍ജനം വലയുന്നു

Posted on: 25 Aug 2015ചെറുവത്തൂര്‍: ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്ന് ബസ് പുറത്തേക്ക് പോകാനുള്ള റോഡരികിലെ വഴിയോരക്കച്ചവടവും വാഹനങ്ങളുടെ പാര്‍ക്കിങ്ങും ടൗണിലെത്തുന്നവരെ വലയ്ക്കുന്നു. ബസ്സ്റ്റാന്‍ഡില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്ക് എളുപ്പത്തില്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും ഉള്ളിയും മീനും വേണമെങ്കില്‍ തുറന്ന ജയിലിലെ ബിരിയാണിയും വാങ്ങി അരികിലുള്ള ഓട്ടോറിക്ഷയില്‍ കയറി നാടുപിടിക്കാം.
എന്നാല്‍ തിരക്കേറിയ വൈകുന്നരങ്ങളില്‍ ഇതുണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. കിഴക്ക് ഭാഗത്തെ പഞ്ചായത്ത് മുറിയിലെ പഴം-പച്ചക്കറി വില്പനയുടെ സിംഹഭാഗവും പൊതുസ്ഥലത്താണ്. സാധനം വാങ്ങാനെത്തുന്നവരല്ലാതെ അവിടെ നിന്നുപോയാല്‍ വ്യാപാരിയുടെ കനത്ത മുഖം കാണേണ്ടിവരും.
പടിഞ്ഞാറു ഭാഗത്താണെങ്കില്‍ ഉള്ളി, മുളക്, മീന്‍, ബിരിയാണി വില്പന റോഡിലാക്കി. ഇരുഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടന്നുപോകേണ്ട റോഡ് ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കൈയടക്കും. ബാക്കിയുള്ള സ്ഥലം പടന്ന, മടക്കര, കാരി തുടങ്ങി പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ നില്‍ക്കാനുള്ള ഇടവുമാക്കി.
കച്ചവടവും പാര്‍ക്കിങ്ങും കാത്തിരിപ്പുമെല്ലാം റോഡിലായതോടെ വാഹനക്കുരുക്കും അപകടവും പതിവായി. ടൗണിലെത്തുന്നവര്‍ക്ക് സൗകര്യമേര്‍പ്പെടുത്തേണ്ടവര്‍ അവരനുഭവിക്കുന്ന അസൗകര്യങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കുന്നുവെന്നാണ് ആക്ഷേപം. മുന്‍കാലങ്ങളില്‍ ഇവിടെ പോലീസ് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്ത് ഇത്തരം കാര്യങ്ങളില്‍ പോലീസ് ഇടപെടാറില്ല.

More Citizen News - Kasargod