ഇരുവൃക്കകളും തകരാറിലായ യുവതി കാരുണ്യം തേടുന്നു

Posted on: 25 Aug 2015മധൂര്‍: ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സയ്ക്കായി പണം കണ്ടെത്താനാവാതെ സന്മനസ്സുകളുടെ കാരുണ്യത്തിനായി കാക്കുന്നു. ചെട്ടുംകുഴിയിലെ മദ്രസാധ്യാപകനായ മുഹമ്മദിന്റെ ഭാര്യ ഖമറുന്നീസ(34)യാണ് വേദനയനുഭവിച്ച് കഴിയുന്നത്. രണ്ടുകുട്ടികളുണ്ട് ഇവര്‍ക്ക്. ചെട്ടുംകുഴിയിലെ വാടകമുറിയില്‍ കഴിയുന്ന ഈ കുടുംബം നിത്യനിദാനച്ചെലവിനുപോലും വഴി കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. മദ്രസാധ്യാപകനായ മുഹമ്മദിന് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍നിന്നാണ് ഭാര്യയുടെ ചികിത്സച്ചെലവും കുട്ടികളുടെ പഠനച്ചെലവും നടത്തുന്നത്. ഖമറുന്നീസയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ഈ കുടുംബം നന്നേ പാടുപെടുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ചെറിയൊരു വയറുവേദനയോടെയായിരുന്നു തുടക്കം. തുടര്‍ന്ന് കാസര്‍കോട്ടെയും മംഗലാപുരത്തെയും സ്വകാര്യ ആസ്​പത്രികളില്‍ ചികിത്സിച്ചു. സഹോദരന്മാരുടെയും നാട്ടുകാരുടെയും പിന്തുണകൊണ്ട് ഏറെ ചികിത്സ നടത്തിയെങ്കിലും പൂര്‍ണമായും അസുഖം ഭേദമായില്ല. അടുത്തുനടത്തിയ പരിശോധനയില്‍ ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. വൃക്ക മാറ്റിവെക്കാനാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സ്വന്തമായുണ്ടായിരുന്ന ഭൂമിയും വീടും മുമ്പ് ചികിത്സയ്ക്കായി വിറ്റിരുന്നു. ഇനി പണം കണ്ടെത്താന്‍ സ്വന്തമായി ഒരുവഴിയുമില്ലാത്ത ഈ കുടുംബത്തിന്റെ പ്രതീക്ഷ കാരുണ്യം വറ്റാത്ത സുമനസ്സുകളിലാണ്.

More Citizen News - Kasargod