വീഴാന്‍ കാത്ത് തണല്‍മരം; ചങ്കിടിപ്പോടെ 55-ാം മൈലുകാര്‍

Posted on: 25 Aug 2015പൊയിനാച്ചി: പൊയിനാച്ചിക്കും ചട്ടഞ്ചാലിനും ഇടയില്‍ ദേശീയപാതയോരത്ത് അമ്പത്തഞ്ചാംെമെലില്‍ ഉണങ്ങിയ തണല്‍മരം അപകടഭീഷണിയുയര്‍ത്തുന്നു. അഭിഭാഗം ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ് മരം. തൊട്ടടുത്ത തെക്കില്‍പറമ്പ് ഗവ. യു.പി. സ്‌കൂളിലെ നൂറുകണക്കിന് കുട്ടികള്‍ കടന്നുപോകുന്നത് ഈ മരച്ചുവട്ടിലൂടെയാണ്. സമീപത്തെ ജുമാമസ്ജിദ്, കടകള്‍ എന്നിവയില്‍ എത്തുന്നവരും മരത്തിനടിയിലൂടെയാണ് പോകേണ്ടത്. നിരവധി വാഹനങ്ങളും ഇവിടെ പാര്‍ക്ക്‌ചെയ്യാറുണ്ട്. യാത്രക്കാര്‍ ബസ് കാത്തുനില്ക്കുന്നതും ഇവിടെയാണ്.
മരത്തിന്റെ സ്ഥിതി നാട്ടുകാര്‍ റവന്യൂ അധികൃതരെ അറിയിച്ചിരുന്നു. പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് അവര്‍ നിര്‍ദേശിച്ചത്. അനുമതിയില്ലാതെ മരം മുറിച്ചുനീക്കിയാല്‍ പൊല്ലാപ്പാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. പൊയിനാച്ചിയില്‍ ഉള്‍പ്പെടെ അപകടഭീഷണിയിലായ മരങ്ങള്‍ മുറിക്കാനുള്ള നടപടി വൈകുകയാണ്.
പൊയിനാച്ചി ടൗണില്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കുമിടയില്‍ ചാഞ്ഞുനില്ക്കുന്ന കൂറ്റന്‍ മാവിന്റെ ഭീഷണി 'മാതൃഭൂമി' നേരത്തേ റിപ്പോര്‍ട്ടുചെയ്തതിനെത്തുടര്‍ന്ന് പി.ഡബ്ല്യു.ഡി. അധികൃതര്‍ പരിശോധനനടത്തി മരം മുറിക്കാന്‍ നടപടി സ്വീകരിച്ചിട്ട് മാസങ്ങളായി. പക്ഷേ, മാവ് ഇപ്പോഴും പൂര്‍വസ്ഥിതിയില്‍ത്തന്നെ. അപകടമുണ്ടായി അധികൃതര്‍ കണ്ണുതുറക്കുന്നതിനുപകരം അപകടഭീഷണി ഒഴിവാക്കാനുള്ള ശ്രമം നടത്തിക്കൂടെയെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

More Citizen News - Kasargod