ആവശ്യത്തിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമില്ല; കെ.എസ്.ആര്‍.ടി.സി. ട്രിപ്പ് മുടക്കം പതിവാകുന്നു

Posted on: 25 Aug 2015കാഞ്ഞങ്ങാട്: ദിവസേന 60 ഷെഡ്യൂളുകള്‍ നടത്തേണ്ടിടത്ത് ഓടുന്നത് 48 ഷെഡ്യൂളുകള്‍ മാത്രം. ആവശ്യത്തിന് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുമില്ലാത്തതിനാല്‍ കാഞ്ഞങ്ങാട് ഡിപ്പോയിലെ 12-ലധികം ഷെഡ്യൂളുകള്‍ ദിവസേന മുടങ്ങുകയാണ്.
ഡിപ്പോയില്‍ നിലവില്‍ 16 ഡ്രൈവര്‍മാരുടെയും 12 കണ്ടക്ടര്‍മാരുടെയും ഒഴിവുണ്ട്. ഈ സ്ഥിതിയില്‍ 47 ഷെഡ്യൂളുകള്‍തന്നെ നടത്തിക്കൊണ്ടുപോകുന്നത് നിലവിലുള്ള ജീവനക്കാരുടെ കാരുണ്യംകൊണ്ടുമാത്രമാണെന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. നിലവിലുള്ള തെക്കന്‍ജില്ലക്കാരായ 16 പേര്‍ക്ക് സ്ഥലംമാറ്റ ഉത്തരവെത്തിയെങ്കിലും ഒരാളെപ്പോലും വിടുതല്‍ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്.
പകരം ആളെ നിയമിക്കാതെയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയിരിക്കുന്നത്. സ്ഥലംമാറ്റം നടപ്പായാല്‍ ഡിപ്പോ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഓണക്കാലത്ത് കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന സമയത്ത് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നതില്‍ ജീവനക്കാര്‍ക്കിടയിലും പ്രതിഷേധമുണ്ട്. ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകള്‍ കാര്യക്ഷമമായി നടത്തി വരുമാനം കൂട്ടുന്നതിനുപകരം നടന്നുപോകുന്ന ട്രിപ്പുകള്‍തന്നെ റദ്ദുചെയ്യുന്നത് യാത്രക്കാരില്‍ പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി. സര്‍വീസ് കൃത്യമായി നടത്താത്തതിനാല്‍ സ്വകാര്യ ബസ്സുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞദിവസം രാത്രി കൊന്നക്കാട്ടേക്കുള്ള സര്‍വീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.

More Citizen News - Kasargod