ബാങ്കില്‍നിന്ന് ട്രഷറിയില്‍ പണം എത്തിയില്ല; പെന്‍ഷന്‍കാര്‍ വലഞ്ഞു

Posted on: 25 Aug 2015നീലേശ്വരം: ബാങ്കില്‍നിന്ന് ട്രഷറിയിലേക്ക് ആവശ്യത്തിന് പണം ലഭിക്കാതിരുന്നതിനാല്‍ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ വലഞ്ഞു. പ്രായമായ പെന്‍ഷന്‍കാര്‍ അവശതകള്‍ മറന്ന് ഓണമുണ്ണാന്‍ പണം എടുക്കാന്‍ എത്തിയപ്പോഴാണ് ഈ ദുരനുഭവം. മണിക്കൂറുകളോളം ട്രഷറിയില്‍ നിന്നുമടുത്ത പലരും തിരിച്ചുപോയി. നീലേശ്വരം സബ് ട്രഷറിയിലാണ് തിങ്കളാഴ്ച രാവിലെ പെന്‍ഷന്‍കാരെ വലച്ചുകൊണ്ടുള്ള സംഭവം അരങ്ങേറിയത്. ശമ്പളം, പെന്‍ഷന്‍, ഓണം അലവന്‍സ്, അഡ്വാന്‍സ് തുടങ്ങിയവ വാങ്ങാന്‍ രാവിലെ മുതല്‍ ട്രഷറിയില്‍ തിരക്കായിരുന്നു.
ബാങ്കിങ് ട്രഷറിയായ നീലേശ്വരം സബ് ട്രഷറിയിലേക്ക് എസ്.ബി.ടി.യില്‍നിന്നാണ് പണം എത്തിക്കുന്നത്. തിങ്കളാഴ്ച രാവിലെ 40 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ബാങ്കില്‍നിന്ന് ലഭിച്ചത് 30 ലക്ഷം രൂപയായിരുന്നു. 12 മണിക്കുമുമ്പുതന്നെ ഇതെല്ലാം കൊടുത്തുകഴിഞ്ഞു. പിന്നെയും ട്രഷറിയില്‍ പണം വാങ്ങാന്‍ എത്തിയവരുണ്ടായിരുന്നു. വീണ്ടും പണത്തിനായി ബാങ്കിലേക്ക് വിളിച്ചപ്പോള്‍ അവിടെയും പണമില്ലാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ ബാങ്കില്‍നിന്ന് പണം എത്തിച്ച് നീലേശ്വരം ബാങ്കില്‍നിന്ന് ട്രഷറിയിലേക്ക് പണം എത്തുമ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞു. ഓണം വേളകളില്‍ അധികമായി പണം ആവശ്യമുണ്ടെന്ന മുന്‍ധാരണ ഉന്നതാധികാരികള്‍ക്ക് ഇല്ലാത്തതാണ് പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലാകാന്‍ കാരണം. ട്രഷറി ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം അധികതുക ട്രഷറിയില്‍ സൂക്ഷിക്കാന്‍ നിയമമില്ല. ആവശ്യത്തിന് ബാങ്കില്‍നിന്ന് ചെക്ക് മുഖേന കൊണ്ടുവരികയാണ് പതിവ്. പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ട്രഷറി ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ പാടുപെടുകയായിരുന്നു. ഉച്ചയ്ക്കുശേഷം ലഭിച്ച കുറച്ച് പണം പലര്‍ക്കുമായി വീതിച്ചുകൊടുക്കുകയായിരുന്നു. ഉച്ചഭക്ഷണംപോലും കഴിക്കാതെയായിരുന്നു ട്രഷറി ജീവനക്കാര്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചത്. പണം ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ ഓണംവരെ ട്രഷറിയില്‍ ഈ നില തുടരാനാണ് സാധ്യത.

More Citizen News - Kasargod