ഓണവിപണി സമ്പന്നമാക്കി കൈത്തറിമേള

Posted on: 25 Aug 2015കാഞ്ഞങ്ങാട്: 180 രൂപ വിലയുള്ള പണിമുണ്ട് മുതല്‍ 1800 രൂപവരെ വിലയുള്ള കാസര്‍കോട് സാരി വരെ ഒരുക്കിയുള്ള ഓണം കൈത്തറിമേള ജനശ്രദ്ധയാകര്‍ഷിക്കുന്നു. ജില്ലയിലെ ഏഴ് കൈത്തറി സംഘങ്ങളുടെ ഉത്പന്നങ്ങളാണ് കാഞ്ഞങ്ങാട് പഴയ എല്‍.ഐ.സി. ഓഫീസ് കെട്ടിടത്തില്‍ നടക്കുന്ന മേളയില്‍ ഒരുക്കിയിരിക്കുന്നത്. മേളയില്‍ 20 ശതമാനം റിബേറ്റ് ലഭ്യമാണ്.
കാസര്‍കോട് വിവേഴ്‌സ് സൊസൈറ്റി തങ്ങളുടെ കുത്തക ഉത്പന്നമായ കാസര്‍കോട് സാരികളുടെ ശേഖരവുമായാണ് മേളയില്‍ എത്തിയിരിക്കുന്നത്. 800 രൂപ മുതല്‍ മേല്‌പോട്ടാണ് സാരികളുടെ വില. പെര്‍ള സൊസൈറ്റി ബെഡ്ഷീറ്റുകളാണ് വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.
കളനാട് സംഘം കാവിമുണ്ടുകളും ഡബിള്‍ദോത്തികളുമാണ് വില്പനനടത്തുന്നത്. തൃക്കരിപ്പൂര്‍സംഘം പതിവ് ശൈലിക്കൊപ്പം ഷര്‍ട്ട് തുണികള്‍, ലുങ്കികള്‍ പൂരക്കളി ഉറുമാലുകള്‍, ടര്‍ക്കി ടവലുകള്‍, ഡബിള്‍ മുണ്ടുകള്‍ എന്നിവയും മേളയില്‍ എത്തിയിട്ടുണ്ട്. 900 രൂപ വിലയുള്ള സാറ്റിന്‍ ബെഡ്ഷീറ്റുകളുമുണ്ട്. കാവിമുണ്ടും സാദാ ബെഡ്ഷീറ്റുകളും ഷര്‍ട്ടിങ്ങുകളും പരമ്പരാഗത തുണിത്തരങ്ങളും 10-ാം നമ്പറും 20-ാം നമ്പറും മുണ്ടുകളുമാണ് രാംനഗര്‍ വീവേഴ്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.
മാണിയാട്ട് സംഘം കാവിമുണ്ടുകള്‍ക്കൊപ്പം പട്ടുസാരികളും കൈത്തറിസാരികളും സാറ്റിന്‍ ഷീറ്റുകളും വില്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ വിവേഴ്‌സും നീലേശ്വരം വിവേഴ്‌സും വൈവിധ്യങ്ങളായ കൈത്തറിവസ്ത്രങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ഖാദി തുണിത്തരങ്ങളോട് കിടപിടിക്കുന്നവയാണ് മേളയില്‍ ഒരുക്കിയിരിക്കുന്ന ഷര്‍ട്ടിങ്ങുകള്‍.
ജില്ലാ വ്യവസായകേന്ദ്രവും കൈത്തറി വികസന സമിതിയും ചേര്‍ന്ന്‌നടത്തുന്ന മേളയില്‍ ദിവസവും 1000 രൂപയുടെ വസ്ത്രങ്ങള്‍ സമ്മാനമായി നല്കുന്നുണ്ട്. ഓരോ ആയിരംരൂപയുടെ ബില്ലിനൊപ്പം നല്കുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുത്താണ് ഭാഗ്യശാലിയെ കണ്ടെത്തുന്നത്. 27-ന് ഉത്രാടം നാളുവരെ മേളയുണ്ടാകും.

More Citizen News - Kasargod