ഓണം ലക്ഷ്യമിട്ട് ചാരായനിര്‍മാണം; 39 പേര്‍ അറസ്റ്റില്‍

Posted on: 25 Aug 2015കാസര്‍കോട്: ഓണം ലക്ഷ്യമിട്ട് വാറ്റ്ചാരായമുണ്ടാക്കി വിതരണം ചെയ്യാന്‍ ശ്രമിച്ച 39 പേര്‍ അറസ്റ്റിലായി. ഒരുമാസത്തിനിടെ എക്‌സൈസ് വകുപ്പ് നടത്തിയ റെയ്ഡുകളിലാണ് അറസ്റ്റ്. 1060 ലിറ്റര്‍ വാഷ് പിടികൂടിയിട്ടുമുണ്ട്.
കൂടാതെ 133 ലിറ്റര്‍ വിദേശമദ്യം, 29 ലിറ്റര്‍ ചാരായം, 215 ലിറ്റര്‍ സ്​പിരിറ്റ്, 99 പായ്ക്കറ്റ് പുകയിലഉത്പന്നങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. രണ്ട് വാഹനങ്ങളും പിടികൂടി. 47 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
ഇതരസംസ്ഥാന തൊഴിലാളികളില്‍ നിരോധിത ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവരുടെ താമസസ്ഥലത്ത് പരിശോധന നടത്താനാണ് തീരുമാനം. ആംബുലന്‍സുകളില്‍പോലും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ലഹരി ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെക്‌പോസ്റ്റുകളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുന്ന ആംബുലന്‍സുകള്‍ പരിശോധിക്കും. തീരദേശമേഖലയിലെ വിദ്യാര്‍ഥികളില്‍ ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്.
എ.ഡി.എം. എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ജനകീയ കമ്മിറ്റി യോഗത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.സലീമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പരിശോധന കര്‍ശനമാക്കാന്‍ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ഊര്‍ജിതമാക്കിയത്.

More Citizen News - Kasargod