കെ.സി.സി.പി.എല്‍. തൊഴിലാളികള്‍ പട്ടിണിമാര്‍ച്ച് നടത്തും

Posted on: 25 Aug 2015കാസര്‍കോട്: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കെ.സി.സി.പി.എല്‍. തൊഴിലാളികള്‍ 26-ന് കളക്ടറേറ്റിലേക്ക് പട്ടിണിമാര്‍ച്ച് നടത്തും. ജനകീയസമിതി താഴിട്ടുപൂട്ടിയതിനെത്തുടര്‍ന്ന് കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡിന്റെ (കെ.സി.സി.പി.എല്‍.) തലയടുക്കത്തെ ലാറ്ററൈറ്റ് ഖനനകേന്ദ്രത്തിലെ തൊഴിലാളികള്‍ക്ക് മാസങ്ങളായി പണിയില്ലാത്ത അവസ്ഥയാണെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളെ പുനരധിവസിപ്പിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ഉടന്‍ ജനകീയസമിതി ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരംകാണണമെന്നും തൊഴില്‍ പുനരാരംഭിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് പട്ടിണിമാര്‍ച്ച് നടത്തുന്നത്.
മെയ്മാസംവരെ മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് ശമ്പളം നല്കിയിരുന്നു. തൊഴിലാളികളും കുടുംബാംഗങ്ങളും വഴിയാധാരമാകുന്ന അവസ്ഥയാണെന്നും വ്യവസായവകുപ്പ് വിഷയത്തില്‍ ഗൗരവമായി ഇടപെടണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍, എ.മാധവന്‍, ടി.രമേശന്‍, പി.കൃഷ്ണന്‍, വി.തമ്പാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod