സുലൈമാനും മൊയ്തീനുമെത്തി ഓണത്തിന് നിറവും സുഗന്ധവും പകരാന്‍

Posted on: 25 Aug 2015


ഇ.വി.ജയകൃഷ്ണന്‍കാഞ്ഞങ്ങാട്: 'നീവൂ ഓണം ഹബ്ബ ആചരിസുവാഗാ നമ്മ ഊരല്ലി ഹിന്ദുകളൂ വരമഹാലക്ഷ്മിവ്രതവന്നു ആചരിസുത്താറെ...ഈഗിദ്ദറു സഹ നാവു ഇല്ലി ബറുത്തേവെ' (നിങ്ങള്‍ ഓണം ആഘോഷിക്കുമ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ഹിന്ദുക്കള്‍ വരമഹാലഷ്മിവ്രതം ആചരിക്കുന്നു. എന്നിട്ടും ഞങ്ങളിവിടെ വരുന്നു.' കാഞ്ഞങ്ങാട്ടും കാസര്‍ക്കോട്ടുമായി ഓണക്കാലത്ത് പൂക്കള്‍ വില്‍ക്കുന്ന സുലൈമാനും മൊയ്തീനും ഇത്തവണയും പതിവുതെറ്റിച്ചില്ല. രണ്ടുപേരും കൈനിറയെ പൂക്കളുമായി മലയാളത്തിന്റെ വടക്കന്‍ മണ്ണിലെത്തി. ഈ വര്‍ഷം കര്‍ണാടകയില്‍ വരമാഹാലഷ്മിവ്രത പൂജയും കേരളത്തില്‍ തിരുവോണവും ഒരു ദിവസമാണ്. ഇവിടെ ഓണക്കാലത്ത് വിറ്റഴിക്കുന്നതുപോലെതന്നെ അവിടെ വരമഹാലക്ഷ്മിവ്രത പൂജയ്ക്കും പൂക്കള്‍ ചെലവാകുമെന്ന് ഇവര്‍ പറയുന്നു. സാധാരണയായി തിരുവോണത്തിന് ദിവസങ്ങള്‍ മുമ്പോ അല്ലെങ്കില്‍ തിരുവോണം കഴിഞ്ഞോ ആകും വരമഹാലക്ഷ്മിപൂജ. ഈ ആചരണവും ആഘോഷവും ഉണ്ടായതിനാല്‍ ഇക്കുറി പൂക്കള്‍ക്ക് വില കൂടുതലാണ്. കിലോയ്ക്ക് 50 രൂപ മുതല്‍ 100 രൂപവരെ കൂടിയിട്ടുണ്ടെന്ന് പൂക്കച്ചവടക്കാര്‍ പറയുന്നു.
ഓണക്കാലത്ത് പൂക്കളുമായി ഇത് 35-മത്തെ വര്‍ഷമാണ് സുലൈമാനും മൊയ്തീനും കാസര്‍കോട് ജില്ലയിലെത്തുന്നുത്. മംഗളൂരു സൂറത്തുകല്ലിലാണ് ഇവരുടെ പൂക്കച്ചവടം. മൈസൂരു, തുങ്കൂര്‍, ഹാസന്‍, ബെംഗളൂരു എന്നീവിടങ്ങളില്‍നിന്നുള്ള പൂക്കളാണ് ഇവിടെ എത്തിക്കുന്നത്. ചെണ്ടുമല്ലികയും ജമന്തിയും മുല്ലയും മുതല്‍ നീല, വയലറ്റ് നിറത്തിലുള്ള പൂക്കള്‍ വരെ ഉണ്ട് ഇവരുടെ ശേഖരത്തില്‍. കര്‍ണാടകയിലെ വിവിധ ദേശങ്ങളില്‍നിന്നായി പൂക്കളുടെ വലിയ ശേഖരം ഇവര്‍ മംഗ്ലൂരുവിലെത്തിക്കും. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ചെറുവത്തൂരിലും തൃക്കരിപ്പുരിലും പയ്യന്നൂരിലുമെല്ലാം ഓണക്കാലെത്തത്തുന്ന പൂക്കളുടെ ഇടനിലക്കാര്‍ കൂടിയാണ് സുലൈമാനും മൊയ്തീനും. മംഗ്ലൂരുവില്‍നിന്നുമാത്രം പുക്കളുമായും അവര്‍ക്കൊപ്പവും അത്യുത്തരകേരളത്തിലെത്തുന്നവര്‍ ആയിരത്തോളം പേരുണ്ട്. ചെറുകൗണ്ടറുകളാക്കി പട്ടണത്തില്‍ സ്ഥാനം പിടിക്കുന്ന ഇവര്‍ ആദ്യദിവസങ്ങളില്‍ 10,000 മുതല്‍ മേല്‌പോട്ട് പ്രതിദിനകച്ചവടം നടത്തുന്നു. ഓണത്തോടടുത്താല്‍ അത് അരലക്ഷം വരെയാകുമെന്ന് സുലൈമാന്‍ പറഞ്ഞു. എതാണ്ട് രണ്ടുകോടിരൂപയ്ക്ക് മുകളിലുള്ള പൂക്കച്ചവടം എല്ലാ വര്‍ഷവും നടക്കുമെന്ന് മംഗളൂരില്‍ നിന്നെത്തിയവര്‍ അവരുടെ കണക്കുമാത്രം എടുത്തുപറഞ്ഞ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് നല്ല മഴയായിരുന്നു. ഇടയ്‌ക്കൊരുദിവസം കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താലും വന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടായില്ല കഴിഞ്ഞവര്‍ഷമെന്ന് പൂക്കച്ചവടക്കാര്‍ പറഞ്ഞു. ഇക്കുറി അത്തം മുതല്‍ തന്നെ തെളിഞ്ഞ അന്തരീക്ഷമാണ്. സാധാരണ ഗതിയില്‍ ഓണത്തിന് രണ്ടോ മൂന്നോ ദിവസം മുമ്പാണ് സ്‌കൂളുകളും മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാറ്. ഇക്കുറി ഓരാഴ്ച മുമ്പുതന്നെ അടച്ചു. ഇത്രയും നേരത്തേ വലിയതോതില്‍ പൂക്കള്‍ എത്തിയിരുന്നില്ല. ഇത് സ്‌കൂളുകളിലെയും മറ്റും പൂക്കളമത്സരത്തിന്റെ പ്രൗഢി കുറച്ചു. ഇത്തരത്തിലുള്ള കച്ചവടം കുറഞ്ഞതും പൂക്കള്‍ക്ക് വിലകൂടിയതും ഇത്തവണത്തെ വിറ്റുവരവിനെ ബാധിക്കുമോയെന്ന ആശങ്കയും സുലൈമാനും മൊയ്തീനുമുള്‍പ്പെടെയുള്ള പൂക്കച്ചവടക്കാര്‍ പറയുന്നു.

More Citizen News - Kasargod