വേണം ഈ ദമ്പതിമാര്‍ക്ക് കരുണയുള്ളവരുടെ കൈത്താങ്ങ്‌

Posted on: 25 Aug 2015പരിയാരം: കണ്ണൂരിലെ അഗതിമന്ദിരത്തില്‍ കഴിയുമ്പോഴും ജാനകിയുടെ മനസ്സ് പരിയാരത്തെ ഹൃദയാലയയിലാണ്. രോഗക്കിടക്കിയിലുള്ള ഭര്‍ത്താവ് മാധവനെ ശുശ്രൂഷിക്കാനും ഒപ്പംനിന്ന് ആശ്വസിപ്പിക്കാനാവാത്തതിന്റെയും വിഷമത്തിലാണ് അവര്‍.
ചികിത്സയ്ക്ക് പണമോ കയറിക്കിടക്കാന്‍ വീടോ ഇല്ലാതെ ദുരിതത്തിലാണ് ഈ ദമ്പതിമാര്‍. കൂത്തുപറമ്പ് ടൗണിനടുത്തുള്ള വരയത്ത് ഹൗസില്‍ പി.മാധവനാണ് ജാനകിയുടെ ഭര്‍ത്താവ്. ഹൃദ്രോഗത്തെത്തുടര്‍ന്ന് മാധവനെ പരിയാരം ഹൃദയാലയയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. ഇനി ഹൃദയശസ്ത്രക്രിയ നടത്തണം. പലരുടെയും സഹായത്തോടെയാണ് ഇതുവരെ ചികിത്സയ്ക്കായുള്ള വലിയതുക കണ്ടെത്തിയത്. സാമ്പത്തികപ്രശ്‌നം കാരണം തുടര്‍ ചികിത്സയ്ക്ക് വഴിമുട്ടിനില്ക്കുകയാണ്.
ഒന്നിച്ചുതാമസിക്കാന്‍ ഇവര്‍ക്ക് സ്വന്തമായി വീടില്ല. അതിനാല്‍ ഭാര്യ ജാനകിയെ മാസം 2000 രൂപ കൊടുത്ത് കണ്ണൂരിലെ സ്വകാര്യ അഗതിമന്ദിരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ താമസത്തിനായുള്ള വാടക കണ്ടെത്തുന്നതിന് കടുത്ത ഹൃദ്രോഗം വകവെയ്ക്കാതെ മാധവന്‍ ജോലിചെയ്തിരുന്നു. വര്‍ഷങ്ങളായി കാസര്‍കോട്ടും മറ്റും ബേക്കറി പലഹാരമുണ്ടാക്കുന്ന ജോലിയായിരുന്നു മാധവന്. ഒടുവില്‍ രോഗം കൂടുതലായതോടെയാണ് ഹൃദയാലയയില്‍ പ്രവേശിപ്പിച്ചത്. മക്കളില്ലാത്ത ഇവര്‍ക്ക് അടുത്ത ബന്ധുക്കളായി മറ്റാരുമില്ല. തലശ്ശേരി മാടപ്പീടിക സ്വദേശിയാണ് ജാനകി.
ഹൃദയശസ്ത്രക്രിയക്ക് കാരുണ്യപദ്ധതിയില്‍ സഹായം ലഭിക്കണമെങ്കില്‍ സ്വന്തമായി വീടും റേഷന്‍കാര്‍ഡും വേണം. ഇത് രണ്ടും ഇല്ലാത്തതിനാല്‍ സഹായത്തിനായി കളക്ടര്‍ക്ക് അപേക്ഷനല്കി കാത്തിരിക്കുകയാണ് ഇവര്‍. ഇത് അനുവദിച്ചുകിട്ടിയാലും ഇതുവരെ ചെലവായ ചികിത്സത്തുകയില്‍ ഇളവുലഭിക്കില്ല.
ചികിത്സച്ചെലവ് കണ്ടെത്താനാവാത്തതിനാല്‍ ശസ്ത്രക്രിയ നടത്താതെ തുടര്‍ന്നും ജോലിക്കുപോകാനാണ് മാധവന്‍ ആലോചിക്കുന്നത്. എന്നാല്‍, ഭാര്യയെ എവിടെ നിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഭര്‍ത്താവിന്റെ ശസ്ത്രക്രിയ നടത്തി ഇനിയുള്ളകാലം ഒന്നിച്ചുജീവിക്കണമെന്നാണ് ജാനകിയുടെ ആഗ്രഹം. സന്നദ്ധസംഘടനകള്‍ സഹായമൊരുക്കിയാല്‍ ചികിത്സച്ചെലവ് കണ്ടെത്താനാവും. തങ്ങള്‍ക്ക് ഒന്നിച്ചുതാമസിക്കാന്‍ ഏതെങ്കിലും അഗതിമന്ദിരം മുന്നോട്ടുവരുന്നതും കാത്തിരിക്കുകയാണ് ഈ വൃദ്ധദമ്പതിമാര്‍. ഇവരെ 9961043441 എന്ന നമ്പറില്‍ ബന്ധപ്പെടാം.

More Citizen News - Kasargod